നോട്ട് നിരോധനകാലത്ത് പണം ഒളിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Posted on: February 3, 2018 7:03 pm | Last updated: February 4, 2018 at 12:58 pm

ന്യൂഡല്‍ഹി : നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു. രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടിസയച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്‌ക്കെതിരെയാണു നടപടി. കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കെതിരെയാണ് വകുപ്പിന്റെ നോട്ടിസ്.

2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കല്‍. ആ സമയം ചില അക്കൗണ്ടുകളില്‍ വന്‍തുകയെത്തിയിരുന്നു. അവയ്ക്ക് അവയ്ക്ക് റിട്ടേണും ഫയല്‍ ചെയ്തിരുന്നില്ല. ഇവര്‍ക്കാണ് ഇക്കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി നോട്ടിസ് അയച്ചത്. എന്നാല്‍ ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരില്‍ ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. ഇവര്‍ക്കെതിരെ കനത്ത ശിക്ഷാനടപടികളുണ്ടാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു.

ആദായനികുതിവകുപ്പില്‍ ഡിജിറ്റല്‍വത്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും സുശില്‍ പറഞ്ഞു.ഓണ്‍ലൈനായി നികുതി ഫയല്‍ ചെയ്യാനുള്‍പ്പെടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇ-അസെസ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്