പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, വരികളും സ്ത്രീ സൗഹൃദം

പ്രമുഖ എഴുത്തുകാരികളെ ബജറ്റിലും അണിനിരത്തി ഐസക്  
Posted on: February 3, 2018 6:26 am | Last updated: February 2, 2018 at 11:34 pm

ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ സ്ത്രീ സൗഹൃദ ഭാവം പ്രഖ്യാപനങ്ങളില്‍ മാത്രമായിരുന്നില്ല, പ്രസംഗത്തില്‍ ഉടനീളം അത് പ്രകടമായിരുന്നു. 18 സ്ത്രീ എഴുത്തുകാരുടെ വാക്കും വരികളുമാണ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കൂട്ടായി നിര്‍ത്തിയത്. സുഗതകുമാരിയില്‍ തുടങ്ങി ബാലാമണിയമ്മയില്‍ അവസാനിച്ച പ്രസംഗത്തില്‍ നോവലിലേയും നാടകത്തിലേയും സ്‌കൂള്‍ കലോത്സവത്തിലെ കവിതയിലേയും വരികള്‍ പ്രമേയമായി. മുമ്പും സാഹിത്യ കൃതികള്‍ ബജറ്റിന് അലങ്കാരമായി നിന്നിട്ടുണ്ടെങ്കിലും ഇത്രയും കൃതികള്‍ കോര്‍ത്തിണക്കി ബജറ്റ് അവതരിപ്പിക്കുന്നത് ഇതാദ്യം.

ഓഖി ദുരന്തത്തില്‍ തീരം ഉറങ്ങിക്കിടക്കുകയാണ്. കടലമ്മ തന്‍ മാറില്‍ കളിച്ചു വളര്‍ന്നവര്‍, കരുത്തര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും, ഞങ്ങള്‍’എന്ന് സുഗതകുമാരി പാടിയതു പോലെ തീരം കെടുതികളെ അതിജീവിച്ച് ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് പറഞ്ഞാണ് ഐസക് തുടങ്ങിയത്. സ്‌കൂള്‍ കലോത്സവത്തില്‍ പത്താം ക്ലാസുകാരി ‘അടുക്കള’ എന്ന വിഷയത്തില്‍ രചിച്ച കവിത ഉദ്ധരിച്ച് സ്ത്രീയുടെ അദ്ധ്വാനത്തെപ്പറ്റിയും ഐസക് വര്‍ണിക്കുന്നു. ഒരു നല്ല കുല വെട്ടാനുണ്ടായാല്‍, ഒരു കോഴി മുട്ടയിടുന്നുവെന്നറിഞ്ഞാല്‍, കളത്തിലെ കുട്ടികളോ തമ്പ്രാനോ അന്വേഷിച്ചുവരും. ഒരു ചീരത്തൈ നടാനുള്ള ശീലം എന്നോ നഷ്ടപ്പെടുത്തിയ മനുഷ്യര്‍ ‘നെല്ല് ‘എന്ന നോവലില്‍ പി വത്സല കോറിയിട്ടതു പോലൊരു കാലം കേരളത്തിലുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനെ ഐസക് വിശേഷിപ്പിച്ചത് ഈ രീതിയിലാണ്.

‘പാണിയില്‍ തുഴയില്ല, തോണിയില്‍ തുണയില്ല, ക്ഷോണിയിലൊരു ലക്ഷ്യവുമറിയില്ല’ ലളിതാംബികാ അന്തര്‍ജനത്തിന്റെ സാവിത്രി അഥവാ വിധവാ വിവാഹം എന്ന നാടകത്തിലെ സംഭാഷണമാണിത്. വിശപ്പുരഹിത കേരളം പദ്ധതി വ്യാപകമാക്കുന്നതിന്റെ പ്രാധാന്യമാണ് ഐസക് ഈ വരികളിലൂടെ വരച്ചു കാട്ടിയത്. സ്വപ്‌നങ്ങളുടെ കണക്കെഴുതിയ ഡയറിയുമായി ജീവിക്കുന്ന ഒരു അച്ഛന്‍ സാറാ ജോസഫിന്റെ ‘മറ്റാത്തി’ എന്ന നോവലിലുണ്ട്. പാര്‍പ്പിടമെന്ന അതിമോഹത്തെയോര്‍ത്ത് നെടുവീര്‍പ്പിടുന്നത് സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുമെന്ന് ആ അച്ഛന്‍ ഉറച്ച് വിശ്വസിക്കുന്നതു പോലെ എല്ലാവര്‍ക്കും വീട് ഉറപ്പു വരുത്താനാണ് ലൈഫ് മിഷന്‍ ആരംഭിച്ചതെന്ന് ഐസക് പറയുന്നു.

ജയശ്രീ മിശ്ര, ഇന്ദു മേനോന്‍, സാവിത്രി രാജീവന്‍, വിജയലക്ഷ്മി, കെ ആര്‍ മീര, ധന്യ എം ഡി, രാജലക്ഷ്മി, ഖദീജാ മുംതാസ് എന്നിവരുടെ കഥകളിലൂടെയും കവിതയിലൂടെയും കടന്നു പോകുന്ന ബജറ്റ് ബാലാമണിയമ്മയുടെ നവ കേരളം എന്ന കവിതയിലെ ‘വന്നുദിക്കുന്നു ഭാവനയിങ്കലിന്നൊരു നവലോകം വിസ്ഫുരിക്കുന്നു ഭാവനയിലാ വിജ്ഞമാനിതം കേരളം’എന്ന വരികളാണ് ബജറ്റിന്റെ അവസാന താളില്‍. വിജ്ഞാനാധിഷ്ഠിതമായ നവകേരള സൃഷ്ടി മുന്നില്‍ കാണുകയാണെന്ന് സാഹിത്യത്തിന്റെ ഏടുകളിലൂടെ പറഞ്ഞു വെച്ചാണ് ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിക്കുന്നത്.

പ്രസംഗത്തില്‍ താരമായി സ്‌നേഹ

സ്ത്രീസൗഹൃദ ബജറ്റില്‍ എഴുത്തുകാരികളുടെ വരികള്‍ നിറഞ്ഞപ്പോള്‍ താരമായത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി എന്‍ പി സ്‌നേഹ. 2015 ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്‌നേഹ എഴുതിയ ‘ലാബ്’ എന്ന കവിതയിലെ കരുത്തുറ്റ വരികള്‍ ഉദ്ധരിച്ചാണ് സ്ത്രീകളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് ഐസക് ബജറ്റില്‍ വിവരിച്ചത്. കൂടാതെ സ്‌നേഹയുടെ ചിത്രവും കവിതയും സഹിതം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഐസക് മറന്നില്ല.
ഇങ്ങനെയായിരുന്നു ആ കവിത

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന ഒരു മെഷീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പാദിപ്പിക്കുന്നുണ്ടെന്ന്.
വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോഴാണ് എന്‍ പി സ്‌നേഹയെന്ന മിടുക്കിയുടെ കവിത ശ്രദ്ധയില്‍പ്പെട്ടതെന്ന് ഐസക്ക് പറഞ്ഞു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ 12 വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എം എന്‍ കെ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകള്‍. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്.