നീളത്തില്‍ ഗിന്നസ് റെക്കോഡുമായി റാക്കിലെ സിപ്‌ലൈന്‍ ഉയരങ്ങളില്‍

Posted on: February 2, 2018 3:48 pm | Last updated: February 2, 2018 at 3:48 pm

റാസ് അല്‍ ഖൈമ: ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ എന്ന ഖ്യാതി നേടി റാസ് അല്‍ ഖൈമ ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരില്‍ നിന്ന് ഔദ്യോഗിക സാക്ഷ്യ പത്രം ഏറ്റുവാങ്ങി. 2800 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ റാക്ക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പണികഴിപ്പിച്ചത്. ജബല്‍ ജൈസ് പര്‍വത നിരകളുടെ കമനീയത നുകരുവാനെത്തുന്ന അന്താരാഷ്ട്ര-ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഭൗമോപരിതലത്തില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തില്‍ മേഖലയുടെ ഭംഗി സിപ് ലൈനിലൂടെ ഒഴുകി നടന്ന് ആസ്വദിക്കാനുള്ള സൗകര്യമാണ് ഉള്ളത്.

റാക് ടൂറിസം അതോറിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് സിപ്‌ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. 650 ദിര്‍ഹമാണ് ഓരോ വ്യക്തികള്‍ക്കും ഈടാക്കുക. ആദ്യഘട്ടത്തില്‍ പ്രതിദിനം 250 പേര്‍ക്കാണ് സിപ് ലൈനിലൂടെ സവാരി നടത്തുന്നതിന് അവസരമൊരുങ്ങുക.