തിരഞ്ഞെടുപ്പ് ബജറ്റ്

Posted on: February 2, 2018 6:10 am | Last updated: February 1, 2018 at 11:56 pm

ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമടക്കം കര്‍ഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും അരങ്ങേറിയ വര്‍ഷമായിരുന്നു കടന്നുപോയത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി തലസ്ഥാന നഗരിയില്‍ തമിഴ്കര്‍ഷകര്‍ നടത്തിയ പ്രതിഷേധം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശിശുക്കള്‍ കൂട്ടത്തോടെ മരണപ്പെടുന്ന സംഭവങ്ങളും രാജ്യത്തെ നാണം കെടുത്തി. എല്ലാം കൊണ്ടും നിരാശരും അസംതൃപ്തരുമാണ് കാര്‍ഷിക ഗ്രാമീണ മേഖല. നടപ്പു വര്‍ഷം എട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കയുമാണ്. അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റിനെ ഈ സാഹചര്യങ്ങളുമായി ചേര്‍ത്തു വേണം കാണാന്‍.
കാര്‍ഷിക മേഖലക്കു മാത്രമായി 11 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധിക വില ലഭ്യമാക്കുക, ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംവിധാനം, വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില, തുടങ്ങി വേറെയും നിരവധി പദ്ധതികള്‍ പ്രഖ്യാപനങ്ങളായുണ്ട്. പാവപ്പെട്ട എട്ടു കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍, നാല് കോടി വീടുകളില്‍ സൗജന്യ വൈദ്യുതി, അഞ്ച് കോടി ഗ്രാമീണര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ അഞ്ച് ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിങ്ങനെ നീളുന്നു ഗ്രാമീണ മേഖലക്കുള്ള വാഗ്ദാനങ്ങള്‍. നോട്ടുനിരോധനം നട്ടെല്ലൊടിച്ച ചെറുകിട വ്യവസായത്തിനു പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്ന പ്രഖ്യാപനത്തോടെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയും വാഗ്ദാനം ചെയ്യുന്നു.

അതേസമയം, ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷ വെറുതെയായി. മുന്‍ വര്‍ഷത്തെ പോലെ നികുതിരഹിത സമ്പാദ്യത്തിന്റെ പരിധി 2.5 ലക്ഷമായി തുടരാനാണ് തീരുമാനം. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍ മറന്നിട്ടില്ല. 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 30-ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. നേരത്തെ 50 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമായിരുന്നു 25 ശതമാനം. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇളവ് എന്നാണ് ന്യായീകരണം.

ഇത്തരം നിരവധി പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷ ബജറ്റുകളിലും ജെയ്റ്റ്‌ലി നടത്തിയതാണ്. അതിലെത്രയെണ്ണം നടപ്പാക്കി? 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പയായിരുന്നു കഴിഞ്ഞ ബജറ്റിലെ മോഹന വാഗ്ദാനം. അതിന്നും പ്രായോഗികമായിട്ടില്ല. പ്രതിവര്‍ഷം 10 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെ മോദിയുടെ വാഗ്ദാനം ബജറ്റുകളിലും ആവര്‍ത്തിച്ചു. തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ലെന്ന് മാത്രമല്ല, ഐ ടി മേഖലയിലും മറ്റും കുത്തനെ ഇടിയുകയാണുണ്ടായത്. ഇത്തവണത്തെ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള സ്രോതസ്സ് രാജ്യത്തിനില്ലെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. സര്‍വേ റിപ്പോര്‍ട്ടില്‍ കാണിക്കുന്ന 6.75 ശതമാനം വളര്‍ച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക മേഖലയിലെ വരുമാനത്തില്‍ 20-25 ശതമാനം വരെ കുറവുണ്ടാകാമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വിപണി വിലക്കനുസരിച്ച് താങ്ങു വില എന്നൊരു വാഗ്ദാനമുണ്ട് ബജറ്റില്‍. ഇറക്കുമതി മൂലം വിലയിടിച്ചിലുണ്ടാകുമ്പോള്‍ ഈ പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്കൊരു നേട്ടവുമില്ല.

ജി എസ് ടി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റാണിത്. എന്നാല്‍ നികുതി പരിഷ്‌കരണം ഒരു ഗുണവും ചെയ്തില്ലെന്നാണ് ധനമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്. ആദായനികുതി ദായകരുടെ എണ്ണം 6.24 കോടിയില്‍ നിന്ന് 8.17 കോടിയായി വര്‍ധിെച്ചങ്കിലും വരുമാനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ബജറ്റ് പറയുന്നു. നികുതി വരുമാനത്തിലെ ഈ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കാണുന്ന ഒറ്റമൂലി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലാണ്. ഈ അറ്റ കൈ പ്രയോഗം എത്ര കാലം തുടരാനാകും. നിലവിലെ സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെടുന്ന കാര്‍ഷിക രംഗത്തെ മാന്ദ്യം അകറ്റലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമെല്ലാം ദിവാസ്വപ്‌നമായി മാറാനാണ് സാധ്യത. പദ്ധതികള്‍ കൂട്ടുന്നതിനൊപ്പം ധനക്കമ്മി കുറച്ചുകൊണ്ടുവരുന്നതിലാണ് ഒരു സര്‍ക്കാറിന്റെ വിജയം. അതിനുളള നിര്‍ദേശങ്ങള്‍ ഇല്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാണ് രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം. വിലക്കയറ്റത്തിന് പ്രധാന കാരണം എണ്ണവില വര്‍ധനവും.

പെട്രോള്‍ ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. ഇക്കാര്യത്തെക്കുറിച്ചു ബജറ്റിന് മൗനം. പുതിയ ഇന്ത്യ എന്ന സര്‍ക്കാറിന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്താനുതകുന്നതാണ് ബജറ്റെന്ന് പധാനമന്ത്രി അവകാശപ്പെടുന്നു. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ബജറ്റിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? എന്നാലും രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിച്ചതോടൊപ്പം എം പിമാരുടെ ശമ്പളത്തിലെ ഭീമമായ വര്‍ധനവിന്റെ സമയ പരിധി ചുരുക്കി ഓരോ അഞ്ച് വര്‍ഷത്തിലുമാക്കി ആ ‘പാവങ്ങളുടെ’ ദുരിതിമകറ്റാനുള്ള തീരുമാനം ജനാധിപത്യ ഇന്ത്യയെ പുളകിതമാക്കുന്നുണ്ടാകണം !