ആദ്യ കുട്ടി പോലീസ് ബാന്റ് സെറ്റ് സംഘം പടിയിറങ്ങുന്നു

Posted on: January 31, 2018 11:59 pm | Last updated: January 31, 2018 at 11:59 pm

മാനന്തവാടി: മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സംഘമാണ് ഈ അധ്യയന വര്‍ഷത്തോടെ പടിയിറങ്ങുന്നത്. സംസ്ഥാന ബഹുമതികളടക്കം കരസ്ഥമാക്കിയ സംഘത്തിന് പോലീസ് സേന യാത്രയയപ്പും നല്‍കി.

സ്വാതന്ത്രദിന പരേഡ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ മുഴുവന്‍ പരിപാടികളിലും ബാന്റ് വാദ്യത്തിന്റെ നിറസാന്നിധ്യമായ സംഘമാണ് നീണ്ട അഞ്ച് വര്‍ഷത്തിനു ശേഷം ബാന്റ് വാദ്യത്തില്‍ നിന്നും പടിയിറങ്ങുന്നത്. 2013ല്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് രൂപീകരിച്ച വര്‍ഷം മുതല്‍ മാനന്തവാടി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പി സിക്കായി ബാന്റ് സെറ്റ് സംഘം ആരംഭിച്ചിരുന്നു. അന്ന് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികളായിരുന്ന ഇവര്‍ ഇന്നിപ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. അന്ന് എ ആര്‍ ക്യാമ്പിലെ സബ് ഇന്‍ സ്‌പെക്ടറാ യിരുന്ന കെ ടി ജോസഫിന്റെ ശിക്ഷണത്തിലാണ് ക്യാപ്റ്റന്‍ അഭിജിത്ത് സി അജയന്റെ നേതൃത്വത്തിലുള്ള ഇരുപത് അംഗ സംഘം ബാന്റ് വാദ്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പോലീസ് സേനക്ക് തന്നെ അഭിമാനമായി വളര്‍ന്നു വന്നത് പരിശീലനത്തിലടക്കം രക്ഷിതാവിന്റെ ഉര്‍ജസ്വലത നല്‍കിയ അധ്യാപകന്‍ ജോസഫ് സി പോള്‍ സാറിന്റെ മുതല്‍കൂട്ടും ഇവരുടെ ശ്രമത്തിന് എന്നും താങ്ങും തണലുമായി. സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ പരേഡുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മാനന്തവാടി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഇരുപത് അംഗം സംഘം നിറ സാനിധ്യമായിരുന്നു. പരേഡുകളില്‍ മാത്രമല്ല പോലീസിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക പരിപാടികളിലെല്ലാം തന്നെ സജീവ സാനിധ്യം തന്നെയായിരുന്നു ഈ കുട്ടി പോലീസ് ബാന്റ് വാദ്യസംഘം.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലിലുടെ പോയി എ ഗ്രേഡ് കരസ്ഥമാക്കാന്‍ ഈ കുട്ടി പോലീസ് സംഘത്തിന് കഴിഞ്ഞതും നേട്ടമായി തന്നെ കാണണം. അഭിമാനനേട്ടം കരസ്ഥമാക്കിയ സംഘത്തിന് പോലിസ് വകുപ്പ് അര്‍ഹികുന്ന യാത്രയയപ്പും നല്‍കി. എസ്.പി.സി.ജില്ലാ നോഡല്‍ ഓഫീസര്‍ കെ മുഹമദ് ഷാഫി അംഗങ്ങള്‍ക്ക് ഉപഹാരങ്ങളും നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷം തങ്ങളുടെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളാണെന്നും പോലീസ് സേനയില്‍ ചേരാനാണ് തങ്ങള്‍ക്കിഷ്ടമെന്നും ക്യാപ്റ്റന്‍ അഭിജിത്ത് പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങളുടെ അഭിമാനതാരങ്ങളായ സംഘം പടിയിറങ്ങുന്നതോടെ അടുത്ത ബാച്ചിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ കുട്ടി പോലീസിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത ശ്രമം