സി സി ടിവി വില്‍പ്പനക്കാരനെതിരെ അന്വേഷണം ; വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍  നവമാധ്യമങ്ങളില്‍ ഭീതി പരത്തുന്നു

Posted on: January 31, 2018 10:02 pm | Last updated: January 31, 2018 at 10:02 pm

കാസര്‍കോട്: വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഭീതി പരത്തുന്ന പ്രചരണങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്നത് കാസര്‍കോട്ടെ ഒരു സി സി ടി വി ക്യാമറ വില്‍പ്പനക്കാരനാണെന്ന് സൂചന. ഇദ്ദേഹത്തിന്റെ പല നമ്പറുകളില്‍ നിന്നാണ് സ്റ്റിക്കര്‍ പതിച്ച സംഭവങ്ങള്‍ ഫോട്ടോ സഹിതം ഷെയര്‍ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

അതുകൊണ്ടു തന്നെ സ്റ്റിക്കര്‍ പതിച്ച സംഭവത്തില്‍ സി സി ടി വി ക്യാമറക്കാരന് ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സി സി ടി വി വില്‍പ്പനക്കാരന്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതുകൂടാതെ പാവപ്പെട്ടവര്‍ക്ക് നാളിതുവരെയായി ഒരു രൂപ പോലും സഹായം നല്‍കാത്ത ചിലരും പ്രചരണത്തിന് പിറകിലുള്ളതായി വിവരമുണ്ട്. കാസര്‍കോട്ടെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കൊച്ചി തൃപ്പുണിത്തുറയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സിസിടിവി വില്‍പ്പനക്കാരനാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. സിസിടിവി ഓരോ വീടുകളിലും സ്ഥാപിക്കാന്‍ വീട്ടുകാരെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമുണ്ടാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് വില്‍പ്പനക്കാരന്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ താക്കീത് ചെയ്ത് പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രചരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് കാസര്‍കോട്ടും ഇതേ രീതിയിലാണോ പ്രചരണം ഉണ്ടായതെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. നെല്ലിക്കുന്നിലെ ഒരു വീടിന്റെ ജനലില്‍ സ്റ്റിക്കര്‍ പതിച്ചത് ഉത്തരേന്ത്യന്‍ യുവതികളാണെന്ന് സംശയമുണ്ട്. അതേസമയം യാചക നിരോധിത മേഖലയാണെന്ന് മുന്നറിയിപ്പ് നല്‍കിയ പോസ്റ്റിലേക്ക് എഡിറ്റ് ചെയ്ത് പല നാടുകളുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രചരിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലെല്ലാം ദുരുദ്ദേശമുണ്ടാകാനിടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.