ഇന്ത്യയെ അഭയാര്‍ത്ഥികളുടെ തലസ്ഥാനമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Posted on: January 31, 2018 8:52 pm | Last updated: February 1, 2018 at 4:30 pm
റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ അഭയാര്‍ത്ഥികളുടെ തലസ്ഥാനമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. രോഹിംഗ്യകളെ തിരിച്ചയക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രം.എന്നാല്‍ റോഹിംഗ്യകളെ തല്‍ക്കാലം മ്യാന്‍മാറിലേക്ക് തിരിച്ചയക്കരുതെന്ന ഉത്തരവ് തന്നെ കോടതി നിലനിര്‍ത്തി.

ഇന്ത്യയിലുള്ള റോഹിംഗ്യകളെ സര്‍ക്കാര്‍ നാടുകടത്തുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍, ബിഎസ്എഫ് ഗ്രനേഡ് പ്രയോഗിച്ച് റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ തുരത്തിയോടിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശം എത്രയും വേഗം കോടതി ഉറപ്പാക്കണം. എന്നാല്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും മനഷ്യാവകാശ കമ്മീഷന്‍ വേണ്ടി ഹാജരായ ഗോപാല്‍ സുബ്രമണ്യം ആവശ്യപ്പെട്ടു.