Connect with us

Gulf

മുഖം മാറ്റല്‍ ശസ്ത്രക്രിയ യു എ ഇയിലുമെത്തുമെന്ന് വിദഗ്ധര്‍

Published

|

Last Updated

ദുബൈ: മുഖ ചര്‍മമാറ്റ ശസ്ത്രക്രിയ യു എ ഇയിലെത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച അറബ് ഹെല്‍ത് പ്രദര്‍ശനങ്ങളോടനുബന്ധിച്ചു നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ത്രിമാന പ്രിന്റിംഗ്, ഹോളോഗ്രാഫിക്‌സ് ലെന്‍സസ്, വിര്‍ച്വല്‍ റിയാലിറ്റി എന്നിവയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയെന്ന് ഓഹിയോ ക്ലിവ്‌ലാന്‍ഡ് ക്ലിനിക്ക് ഡെര്‍മറ്റോളജി ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് പാപേയ് അഭിപ്രായപ്പെട്ടു. യു എ ഇയില്‍ ശസ്ത്രക്രിയ നടപ്പില്‍ വരുത്തുന്നതിന് അനുകൂല ഘടകങ്ങള്‍ ഉണ്ട്. ആരോഗ്യ പരിചരണ രംഗത്തെ തയാറെടുപ്പുകളാണ് യു എ ഇയില്‍ ഇതിനായി ആവശ്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ദാതാവിന്റെ ചര്‍മം, അസ്ഥികള്‍, പല്ലുകള്‍, ഞരമ്പുകള്‍, മസിലുകള്‍ എന്നിവ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മാറ്റിവെച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഇന്റെനാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അറബ് ഹെല്‍ത് പ്രദര്‍ശന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. 43 രാജ്യങ്ങളില്‍ നിന്നായി 4,702 പ്രദര്‍ശകരെത്തുന്ന മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളി ല്‍ രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് അധികൃതരുടെ കണക്ക്.

 

Latest