Connect with us

Gulf

ഷാര്‍ജ പ്രകാശോത്സവം ഫെബ്രുവരി ഏഴു മുതല്‍

Published

|

Last Updated

ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ പ്രകാശോത്സവം അടുത്ത മാസം ഏഴു മുതല്‍ 17 വരെ 11 ദിവസങ്ങളിലായി നടക്കുമെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി-എസ് സി ടി ഡി എ അറിയിച്ചു. “ഷാര്‍ജയിലെ സംസ്‌കാരം” എന്ന പ്രമേയത്തില്‍ 18 സ്ഥലങ്ങളിലായി 23 പ്രദര്‍ശനങ്ങള്‍ നടക്കും.

അന്താരാഷ്ട്ര തലത്തില്‍ ഷാര്‍ജയുടെ ഖ്യാതി വര്‍ധിപ്പിക്കാനും ശാസ്ത്ര-സാംസ്‌കാരിക-കലാ മേഖലയില്‍ എമിറേറ്റിന്റെ പദവി ഉയര്‍ത്താനുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രകാശോത്സവം നടത്തിവരുന്നുണ്ടെന്ന് എസ് സി ടി ഡി എ ചെയര്‍മാന്‍ ഖാലിദ് ജാസ്മിം അല്‍ മിദ്ഫ പറഞ്ഞു.

ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസിലാണ് പ്രകാശോത്സവ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. ദിവസവും വൈകുന്നേരം ആറു മുതല്‍ 11 വരെയാണ് പ്രദര്‍ശനം. വാരാന്ത്യ ദിവസങ്ങളില്‍ വൈകുന്നേരം ആറിന് തുടങ്ങുന്ന പ്രദര്‍ശനം അര്‍ധരാത്രി 12 വരെ തുടരും.
ഇതിനു പുറമെ ഷാര്‍ജ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍, ഖാലിദ് ലഗൂണ്‍, അല്‍ നൂര്‍ മസ്ജിദ്, കല്‍ബ മുനിസിപ്പല്‍ മസ്ജിദ്, ഷാര്‍ജ പോലീസ് അക്കാഡമി, പാം ഒയാസിസ്, ദ ഹൗസ് ഫോര്‍ ജസ്റ്റിസ് തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗവണ്‍മെന്റ് ഓഫീസുകളിലും പ്രദര്‍ശനമുണ്ടാകും.

ശാസ്ത്ര-സര്‍ഗ-വൈജ്ഞാനികത എടുത്തുകാണിക്കുന്ന ദൃശ്യാവതരണവുമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രമുഖ സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കിന്റെ അകമ്പടിയോടെയായിരിക്കും ദൃശ്യാവതരണം.

 

Latest