ഫുഡ് പൗഡറില്‍ തരി രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരന്‍ അറസ്റ്റില്‍

Posted on: January 31, 2018 5:17 pm | Last updated: January 31, 2018 at 5:17 pm

ഷാര്‍ജ: ഒരു ലക്ഷം ദിര്‍ഹമിന്റെ സ്വര്‍ണവുമായി സ്വന്തം രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച ഏഷ്യക്കാരനെ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണത്തരി ഫുഡ് പൗഡറിന്റെ കൂടെ ടിന്നില്‍ കലര്‍ത്തി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ചോദ്യം ചെയ്യലില്‍ സ്വര്‍ണം വാങ്ങിയതിന്റെ റസീപ്റ്റ് ഇയാള്‍ കാണിച്ചു. സ്വന്തം രാജ്യത്ത് നികുതിയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സ്വര്‍ണം ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി ഏഷ്യക്കാരനെ സി ഐ ഡി വിഭാഗത്തിന് കൈമാറി. സ്വര്‍ണം നികുതിയൊടുക്കാതെ സ്വന്തം രാജ്യത്തെത്തിച്ച് കൂടുതല്‍ ലാഭത്തോടെ വില്‍ക്കാന്‍ വേണ്ടിയാണ് പൗഡറില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി സി ഐ ഡി അധികൃതര്‍ അറിയിച്ചു. ഇയാളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ യാതൊരുവിധ സഹിഷ്ണുതയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ മതര്‍ അല്‍ കത്ബി പറഞ്ഞു.
സംശയകരമായ രീതിയില്‍ വല്ല സംഭവമോ കുറ്റകൃത്യമോ ശ്രദ്ധയില്‍പെട്ടാല്‍ 999, 06-5632 222 നമ്പറുകളിലോ 800 151 എന്ന ടോള്‍ഫ്രീ നമ്പറിലോ 7999 നമ്പറില്‍ എസ് എം എസ് ആയോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.