സിബിഎസ്ഇയുടെ നയം മാറ്റം: സ്‌കൂളുകള്‍ ത്രിശങ്കുവില്‍

Posted on: January 31, 2018 3:45 pm | Last updated: January 31, 2018 at 5:12 pm

അജ്മാന്‍: അധ്യയന ദിവസങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് സി ബി എസ് ഇ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്‌കൂളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു.
മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം തുടക്കത്തില്‍ നല്‍കിയ സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതില്‍ നല്‍കിയിട്ടുള്ളത്. ഇതോടെ രാജ്യത്തും യു എ ഇ ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഏത് മൂല്യനിര്‍ണയ രീതി പിന്തുടരണമെന്ന കാര്യത്തില്‍ ആശയകുഴപ്പത്തിലായി.

ഈ അധ്യയന വര്‍ഷത്തില്‍ സി ബി എസ് ഇ സ്‌കൂളുകളുടെ ഉള്ളടക്കത്തിലും മൂല്യനിര്‍ണയത്തിലും നിരവധി മാറ്റങ്ങളാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി നടപ്പിലാക്കിയിരുന്ന നിരന്തര മൂല്യനിര്‍ണയ രീതിയില്‍ (സി സി ഇ) കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഫോമ്മേറ്റീവ് അസെസ്‌മെന്റ് (എഫ് എ), സമ്മേറ്റീവ് അസെസ്‌മെന്റ് (എസ് എ) എന്നിങ്ങനെയുള്ള മൂല്യനിര്‍ണയ രീതി ഈ വര്‍ഷം മുതല്‍ അവസാനിപ്പിക്കുകയായിരുന്നു. നിരന്തരമായുള്ള അസൈന്‍മെന്റുകള്‍ക്കും സെമിനാറുകള്‍ക്കും പകരം കൂടുതല്‍ ഉള്ളടക്കത്തിലും പരീക്ഷാ കേന്ദ്രീകൃതവുമായ പദ്ധതിയാണ് ഈ അധ്യയന വര്‍ഷം മുതല്‍ തുടക്കം കുറിച്ചത്.
നേരത്തെ രണ്ട് സെമസ്റ്ററുകളിലായി പഠനവും പരീക്ഷയും നടത്തിയിരുന്ന സമ്പ്രദായം അവസാനിപ്പിച്ചു. ഇപ്രകാരം പകുതി പാഠഭാഗങ്ങള്‍ പഠിച്ച് പരീക്ഷ എഴുതാവുന്ന രീതിയും അവസാനിച്ചു. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇത്തവണ മുതല്‍ മുഴുവന്‍ പാഠഭാഗങ്ങളും വാര്‍ഷിക പരീക്ഷക്ക് ഉള്‍പെടുത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം തുടക്കമെന്ന പരിഗണനയില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠന ഭാഗം കുറക്കാന്‍ വേണ്ടി 10, 20, 30 ശതമാനം എന്ന വിധത്തിലാണ് മുന്‍പാഠ ഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉള്‍പെടുത്താന്‍ നിര്‍ദേശിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് പുറത്തിറക്കിയ 14 /2017 നമ്പര്‍ സര്‍ക്കുലറില്‍ ഇക്കാര്യം വിശദമായി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഈ ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സി ബി എസ് ഇ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള സ്‌കൂളുകള്‍ ഏത് മാനദണ്ഡപ്രകാരമാണ് ഇനി മൂല്യനിര്‍ണയം നടത്തേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പതിനാല് വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം നല്‍കണമെന്നും നിരന്തരവും സമഗ്രവുമായി മൂല്യനിര്‍ണയം നടത്തണമെന്ന വ്യവസ്ഥയുണ്ട്. അതേസമയം ഈ വര്‍ഷം മുതല്‍ സി ബി എസ് ഇ മൂല്യനിര്‍ണയ രീതിയില്‍ മാറ്റം വരുത്തി ഓരോ ടേം പരീക്ഷകളുള്ള പഴയ സമ്പ്രദായം പുനസ്ഥാപിക്കുകയായിരുന്നു. ഇത് രക്ഷിതാക്കളില്‍ നിന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ടതോടെയാണ് സി ബി എസ് ഇ വെട്ടിലായത്. അതേസമയം ഏത് മൂല്യനിര്‍ണയ രീതി പിന്തുടരണമെന്ന കൃത്യമായ നിര്‍ദേശവും നല്‍കിയിട്ടില്ല.