രാഹുല്‍ ധരിച്ച ജാക്കറ്റിന് 63,400 രൂപയെന്ന് ബിജെപി

Posted on: January 31, 2018 3:21 pm | Last updated: January 31, 2018 at 3:21 pm
SHARE

ഷില്ലോംഗ്: മേഘാലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധരിച്ചത് വിലയേറിയ ജാക്കറ്റാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുല്‍ ഗാന്ധി കറുത്ത ജാക്കറ്റും ജീന്‍സും ധരിച്ചെത്തിയത്.

പിന്നീട്, ബിജെപി മേഘാലയ ഘടകം പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയുടെയും ജാക്കറ്റിന്റെ വിലയും ബ്രാന്റും വ്യക്തമാകുന്ന ചിത്രവും ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ജാക്കറ്റിന് 63,400 രൂപയാണെന്നാണ് ബിജെപി പറയുന്നത്.

2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്രം ഭരിക്കുന്നത് സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ ആണെന്നായിരുന്നു അന്ന് രാഹുലിന്റെ പരിഹാസം.