Connect with us

Kerala

ഫോണ്‍കെണി കേസ്: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി

Published

|

Last Updated

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ, മഹാലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജി സിജെഎം കോടതി തള്ളിയിരുന്നു.

അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്ന യുവതി മൊഴിമാറ്റുകയും പരാതിയില്ലെന്ന് കോടതിയില്‍ നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ നേരത്തെ മന്ത്രിപദവി രാജിവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.

ശശീന്ദ്രന്റെ രാജിക്ക് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ യുവതി നേരിട്ട് കോടതിയെ സമീപിച്ചാണ് പരാതി നല്‍കിയിരുന്നത്. കോടതി നിര്‍ദേശപ്രകാരം ലൈംഗിക പീഡനത്തിന് കേസെടുക്കുകയും ചെയ്തു. ഇതിന്മേലുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനിടെ കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ അരങ്ങൊരുങ്ങിയത്.