Connect with us

International

രാജ്യസുരക്ഷക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ല: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: രാജ്യസുരക്ഷക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ താത്പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ എന്നും കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു. സുരക്ഷിതവും ശക്തവുമായ അമേരിക്കയാണ് തന്റെ ലക്ഷ്യം. രാജ്യചരിത്രത്തിലെ ഏറ്റവും മികച്ച നികുതി പരിഷ്‌കാരം ഇടത്തരക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തി. 45 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് തന്റെ ഒരു വര്‍ഷത്തെ ഭരണകാലയളവിലെ നേട്ടങ്ങളില്‍ പ്രധാനം.

അഭിപ്രായ ഭിന്നതകള്‍ മറന്ന് രാജ്യനന്മക്കായ് ഒന്നിച്ചു നില്‍ക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഡെമോക്രാറ്റുകളില്‍ ഒരു വിഭാഗം പ്രസംഗം ബഹിഷ്‌കരിച്ചു. പതിവിനു വിരുദ്ധമായി പ്രഥമ വനിത മെലാനിയ ട്രംപ് പ്രസിഡന്റ് ഒപ്പമല്ല പാര്‍ലിമെന്റില്‍ എത്തിയത് എന്നത് ചര്‍ച്ചയായി. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ദമ്പതികള്‍ ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.