മെഡിക്കല്‍ കോഴ വിവാദം: ജഡ്ജിയെ മാറ്റിനിര്‍ത്തി

Posted on: January 31, 2018 9:10 am | Last updated: January 31, 2018 at 10:48 am

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജിയെ മാറ്റിനിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശം നല്‍കി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നരായണ്‍ ശുക്ലയെ മാറ്റിനിര്‍ത്താനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. നാരായണ്‍ ശുക്ലയെ കോടതി നടപടികളില്‍ ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹത്തിന്റെ ബഞ്ചിലേക്ക് കേസുകള്‍ നല്‍കരുതെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവ് നല്‍കി. ആരോപണവിധേയനായ ജഡ്ജി സ്വയം വിരമിക്കുകയോ കേസില്‍ വിധി വരുന്നത് വരെ മാറിനില്‍ക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

ചീഫ് ജസ്റ്റിസ് നിയോഗിച്ച മദ്രാസ്, സിക്കിം, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ അടങ്ങുന്ന മൂന്നംഗ ഇന്‍ഹൗസ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നാരായണ്‍ ശുക്ലക്കെതിരെ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോഴ കേസില്‍ ജഡ്ജിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. അനധികൃതമായി മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനു വേണ്ടി നാരായണ്‍ ശുക്ല ഇടപെട്ടിട്ടുണ്ടെന്നും സമിതി കണ്ടെത്തിയിരുന്നു. ജഡ്ജി എന്ന നിലയിലുള്ള മൂല്യങ്ങള്‍ അവഗണിച്ച് കേസില്‍ ഇടപെട്ടുവെന്നും ജഡ്ജിയുടെ ഓഫീസിന്റെ അന്തസ്സ് ഇടിച്ചുകളഞ്ഞുവെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടപടി വേണമെന്നായിരുന്നു അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഇത് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, നാരായണ്‍ ശുക്ലയോട് വിരമിക്കാനോ അല്ലെങ്കില്‍ സ്വയം മാറിനില്‍ക്കാനോ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് രണ്ടിനും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങളെല്ലാം നീക്കം ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ഇതോടെ കോഴ ആരോപണത്തില്‍ നാരായണ്‍ ശുക്ലക്കെതിരെ സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. ജുഡീഷ്യല്‍ അധികാരം നീക്കം ചെയ്യപ്പെടുന്നതോടെ നാരായണ്‍ ശുക്ലക്കെതിരെ കേസെടുക്കാനും മറ്റ് നടപടികളുമായി മുന്നോട്ടുപോകാനും സി ബി ഐക്ക് സാധിക്കും.

ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി സി ബി ഐ തേടും. കേസില്‍ നേരത്തെ ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എം ഐ ഖുറൈഷിയെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ലക്‌നോവിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് 2017-18 വര്‍ഷത്തെ അഡ്മിഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധിക്കായി കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച കോളജായിരുന്നു ഇത്.