Connect with us

Articles

മുസ്‌ലിം സ്ത്രീയുടെ പുതിയ ഗുണകാംക്ഷികള്‍

Published

|

Last Updated

ഇന്ത്യയുടെ ഭരണം കൈയാളുന്ന ബി ജെ പിക്ക് രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ, എന്തുകൊണ്ടാണ് അവര്‍ക്ക് മുസ്‌ലിം പുരുഷന്മാരോട് അത്തരം ഇഷ്ടം തോന്നാത്തത് എന്ന തമാശ ചോദിച്ചാണ്, നരേന്ദ്ര മോദി: സ്ത്രീ അവകാശങ്ങളുടെ അന്തകന്‍ എന്ന തലക്കെട്ടില്‍ അല്‍-ജസീറ കഴിഞ്ഞ ദിവസം ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുത്വലാഖ് നിരോധിക്കണമെന്ന നിരീക്ഷണം സുപ്രീം കോടതി മുന്നോട്ടുവെച്ചതു മുതലാണ് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ നല്ല പൗരന്മാരാക്കാനും ബി ജെ പിയും ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും ആലോചിച്ചുതുടങ്ങിയത്. സുപ്രീം കോടതിയുടെ ഈ നിരീക്ഷണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ബി ജെ പി കൈയാളുന്ന ലോക്‌സഭയില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കണമെന്നും ഇന്ത്യയില്‍ അത് പൂര്‍ണമായി നിരോധിക്കണമെന്നുമുള്ള പ്രമേയം പാസ്സാക്കി. അങ്ങനെ ചെയ്യുന്ന മുസ്‌ലിം പുരുഷന്മാരെ മൂന്ന് വര്‍ഷം അഴിക്കുള്ളിലാക്കണമെന്നുള്ള ബില്ലും പാസ്സായി.

മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ ചുവടുവെപ്പായാണ് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും ഈ നീക്കങ്ങളെ വിശേഷിപ്പിച്ചതും പ്രചരിപ്പിച്ചതും. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ പരിഷ്‌കര്‍ത്താവാണ് മോദിയെന്നും മതം പര്‍ദക്കുള്ളില്‍ തളച്ചിട്ട സ്ത്രീകളുടെ വിമോചനത്തിനായി ഇനിയും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുമെന്നും ഈ സംഘടനകള്‍ വ്യാപകപ്രചാരണം തുടരുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങളിലൂടെ മുത്വലാഖ് ഇല്ലാതാകുമെന്നും അതുവഴി നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് ലഭിക്കുമെന്നുമാണ് ബി ജെ പി കണക്കുകൂട്ടുന്നത്. മുസ്‌ലിം വ്യക്തിനിയമങ്ങളെ വെല്ലുവിളിക്കാനും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടാനുമുള്ള മോദിജിയുടെ തന്റേടം ചരിത്രത്തിലിടം നേടുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു.

പുതിയ നിയമങ്ങള്‍ മുസ്‌ലിം സ്ത്രീകളെ സഹായിക്കുന്നതിന് പകരം പുരുഷന്മാരെ കുറ്റവാളികളാക്കാനാണ് സഹായിക്കുന്നത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യവും രാഷ്ട്രീയവും ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതൊരു സ്ത്രീക്കും ഭര്‍ത്താവിനെതിരെ ഏതു സന്ദര്‍ഭത്തിലും ഉപയോഗിക്കാവുന്ന പുതിയ മുത്വലാഖ് നിയമം, ഭര്‍ത്താവ് അഴിക്കുള്ളിലാണെങ്കില്‍ പോലും ഭാര്യക്ക് നഷ്ടപരിഹാരവും ചെലവും നല്‍കാനാണ് നിര്‍ദേശിക്കുന്നത്. മുത്വലാഖില്‍ ഇത്രമേല്‍ താത്പര്യം കാണിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളുടെ വിമോചനത്തിന് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും ഹിന്ദുസമുദായത്തിലെ പുരുഷനിയന്ത്രിത വിവാഹവ്യവസ്ഥ, സ്ത്രീവിരുദ്ധത എന്നിവ കാണാത്തതെന്നും അല്‍-ജസീറ ചോദിക്കുന്നു.

ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനെത്തിയ ഇന്ത്യയിലെ തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും എത്രത്തോളം സ്ത്രീവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ലൗ ജിഹാദ്, മുത്വലാഖ് വിഷയങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ബി ജെ പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കാണിച്ച അക്രമണങ്ങള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിത്തരുന്നു. 2017 ഡിസംബറില്‍ ഡല്‍ഹിക്കടുത്ത ഗാസിയാബാദില്‍ ഒരു മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ വ്യാപകമായ ആക്രമണങ്ങളാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നത്. ഈ വിവാഹത്തിന് വധൂവരന്മാര്‍ക്ക് തങ്ങളുടെ അനുവാദം ലഭിച്ചിട്ടില്ല എന്നതായിരുന്നു ബി ജെ പി വക്താക്കള്‍ ഔദ്യോഗികമായി പറഞ്ഞത്. ഭരണഘടനാവിരുദ്ധമായ ഈ വിചിത്രവാദം ഉയര്‍ത്തിയാണ് ഇരുകുടുംബങ്ങളിലെയും നിരവധി പേരെ അടിച്ചവശരാക്കിയത്. മിശ്രവിവാഹം, മതം മാറ്റം എവിടെയുണ്ടോ അവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുക എന്നതാണ് ഇപ്പോള്‍ ഈ സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിക്കുക, പോലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, ആയുധങ്ങളേന്തി ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ നടത്തുക, എതിര്‍ക്കുന്നവരുടെ കുടുംബാംഗങ്ങളെ കൈയേറ്റം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നത് ഒരു സ്വാഭാവികപരിണതിയായാണ് ഹിന്ദു സംഘടനകള്‍ കണക്കാക്കുന്നത്. സംഘ്പരിവാര്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും പോയിട്ട് ജീവിക്കാനുള്ള സാഹചര്യം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ലൗ ജിഹാദിന്റെ പേരില്‍ രാജസ്ഥാനിലെ 36 വയസ്സുള്ള ശംഭുലാല്‍ റിഗര്‍ വയോധികനായ അഫ്‌റസുലിനെ ജീവനോടെ കത്തിക്കുകയും അത് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും 2017 ഡിസംബറിലായിരുന്നു. വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ശംഭുലാലിന് ഒന്നും സംഭവിച്ചില്ല. ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ ആളുമാറിപ്പോയി വധിച്ചുപോയതാണെന്ന് പറഞ്ഞാണ് രാജസ്ഥാന്‍ പോലീസ് അയാളെ വെറുതെ വിട്ടത്. അപ്പോഴും മിശ്രവിവാഹിതരാകുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെ.

ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ക്രൂരമായി അടിച്ചവശരാക്കിയതും ലൗ ജിഹാദിന്റെ പേരിലായിരുന്നു. ഈ മൂന്ന് പേരില്‍ ഒരാള്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു എന്നതായിരുന്നു അവരുടെ കുറ്റം. വിശ്വഹിന്ദു പരിഷത്തായിരുന്നു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇത്തരം സദാചാരഗുണ്ടായിസം നടപ്പില്‍ വരുത്താനായി ഓരോ പ്രദേശത്തെയും സാമൂഹിക ചുറ്റുപാടിനനുസരിച്ചുള്ള നിരവധി സംഘടനകളാണ് ഔദ്യോഗികമായും അല്ലാതെയും ബി ജെ പി-ആര്‍ എസ് എസ്സിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനകള്‍ സ്വയം സൃഷ്ടിച്ചെടുത്ത ചില ഭരണഘടനാ നിയമങ്ങളുണ്ട്. ഒരു മുസ്‌ലിം യുവാവിന് ഹിന്ദു പെണ്‍കുട്ടിയുമായി ഒരു ബന്ധം ഒരു നിലയിലും സംഭവിക്കാന്‍ പാടില്ല എന്നതും മിശ്രവിവാഹശ്രമങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനാണെന്നതും അത്തരം നിയമങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പോലീസ് സംവിധാനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ആരെയും എങ്ങനെയും ആക്രമിക്കാനും സദാചാരപ്പോലീസായി മനുഷ്യത്വവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമുള്ള ലൈസന്‍സാണ് ഈ സാഹചര്യം സംഘ്പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കേന്ദ്രഭരണം ബി ജെ പിക്കാണ് എന്ന ചിന്തയും പോലീസുകാര്‍ക്ക് തങ്ങളെ ഒന്നും ചെയ്യാനാവില്ല എന്ന അഹങ്കാരവുമാണ് കൊടുംക്രൂരതകള്‍ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ഭയാനകമാണ്. ഇത്തരം തോന്നിവാസങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പ്രധാനമന്ത്രി പാലിക്കുന്ന കുറ്റകരമായ മൗനവും ഏറെ അപലപനീയവും ഇത്തരം ക്രൂരതകള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ലൗജിഹാദിന്റെ പേരില്‍ ഇവര്‍ കൊന്നുതള്ളിയ ഹിന്ദുപെണ്‍കുട്ടികളുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്.

ബി ജെ പിയും ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകളും മുസ് ലിം സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടത്, പതിറ്റാണ്ടുകളായി ചെയ്തുവരുന്ന തീവ്രവലതുപക്ഷ-ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ്. നിരവധി വര്‍ഗീയ അജന്‍ഡകളുടെ ഒരു ഭാഗം മാത്രമായേ ഇത്തരം നീക്കങ്ങള്‍ കാണേണ്ടതുള്ളൂ.

1950-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ ഹിന്ദു സംഘടനകള്‍ പ്രധാനമായും ആരോപിച്ചിരുന്നത്, മുസ്‌ലിംകളെ പ്രീണിപ്പിച്ച് വോട്ടു നേടാനുള്ള അടവാണ് ആ നീക്കമെന്നതായിരുന്നു. 1947-ലെ വിഭജനത്തെ തുടര്‍ന്ന് ഏറെ സങ്കീര്‍ണമായ ജീവിതസാഹചര്യത്തിലേക്ക് പോകേണ്ടിവന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളെ വ്യക്തിനിയമങ്ങളുടെ പേരില്‍ കൂടി ക്രൂശിക്കുന്നത് കടുത്ത അനീതിയായിരിക്കും എന്നൊന്നും ഹിന്ദു സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. അതേ പാരമ്പര്യം പേറിയാണ് ഇന്നത്തെ ഹിന്ദു ഭീകരസംഘടനകള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീവിരുദ്ധരീതികളിലൂടെ ഇവിടെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ശ്രമിക്കുന്നത്. അന്ന് മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ തൊടാന്‍ ധൈര്യമില്ലാതിരുന്ന കോണ്‍ഗ്രസിനുള്ള മറുപടിയാണ് മോദി എന്ന നേതാവ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ് തീവ്രഹിന്ദു സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. അതുവഴി, രാജ്യത്തെ മുസ്‌ലിം ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് തള്ളിവിടാനുള്ള സംഘ്പരിവാര്‍ നീക്കവുമാണ് യഥാര്‍ഥത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കങ്ങളില്‍ നിഴലിച്ചുകാണുന്നത്. കോണ്‍ഗ്രസ് ചെയ്ത “ചരിത്രപരമായ തെറ്റ്” എത്ര ധീരമായാണ് നരേന്ദ്ര മോദി തിരുത്തിയതെന്നാണ് സംഘ്പരിവാര്‍ സ്വന്തം അണികളോട് ചോദിക്കുന്നതും വര്‍ഗീയപ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നതും.

സ്ത്രീശാക്തീകരണ പരിപാടികള്‍, സംഘടനകള്‍, വ്യക്തികള്‍, മതചിഹ്നങ്ങള്‍, മതേതരമുന്നേറ്റങ്ങള്‍, പുരോഗമന സംവാദങ്ങള്‍ – എല്ലാത്തിനോടും അസഹിഷ്ണുത പുലര്‍ത്തുകയും അതേസമയം സ്ത്രീപുരോഗമനം പ്രസംഗിക്കുകയും ചെയ്യുന്ന കപടനാടകങ്ങളാണ് ബി ജെ പിയുടെ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളുടെ ആസൂത്രകരും ഗുണഭോക്താക്കളും അവര്‍ തന്നെയാണ് എന്നതാണ് തിരിച്ചറിയപ്പെടാതെ, ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന യാഥാര്‍ഥ്യം.

 

 

 

 

 

Latest