യാചനയും ഭീതിയും

Posted on: January 31, 2018 6:06 am | Last updated: January 30, 2018 at 11:14 pm
SHARE

കുട്ടികളെ കാണാതാവുന്ന വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇവ രക്ഷിതാക്കളെ ഭീതിപ്പെടുത്തുന്നു. അതു കൊണ്ട് തന്നെ കുട്ടികളെ പുറത്തു വിടാന്‍ രക്ഷിതാക്കള്‍ പേടിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ എല്ലാം സത്യമല്ലെന്നും നുണകളും ഇക്കൂട്ടത്തിലുണ്ടെന്നുമുള്ള പൊതു ധാരണ സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകളെ ഗൗരവത്തില്‍ കാണാത്തവരുമുണ്ട് നമുക്കിടയില്‍.
ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തിനു മുകളില്‍ കുട്ടികളെ കാണാതാവുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതും 17 വയസിന് താഴെയുള്ള കുട്ടികള്‍. ടൈംസ് ഓഫ് ഇന്ത്യ ലേഖകനായ ദീപ്തി മേനോന്‍ തിവാരി 2014 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഇന്ത്യയില്‍ ഓരോ ദിവസവും 180 കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ്. ഈ കുട്ടികളെ പോലീസിന് പോലും കണ്ടെത്താന്‍ പറ്റുന്നില്ലെന്നത് വസ്തുതയാണ്. ഭിക്ഷാടന മാഫിയകളും തെരുവില്‍ അന്തിയുറങ്ങുന്നവരും വീടുകളില്‍ കച്ചവടത്തിനെത്തുന്നവരും കുട്ടികളെ വലവീശി പിടിക്കുന്ന മനുഷ്യക്കടത്തുകാരാണെന്നാണ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആ നിലക്ക് പല നാടുകളിലും ഭിക്ഷാടനവും വീടുകളില്‍ കയറിയുള്ള കച്ചവടവും നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം കടുത്ത നടപടികളിലേക്ക് പല നാടുകളും പോകാനുള്ള ശ്രമത്തിലാണിപ്പോള്‍. അപ്പോള്‍ തന്നെ, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാത്തവരും ഇന്ന് സംശയത്തിന്റെ നഴലിലാണ്. ചില മാഫിയാ സംഘങ്ങള്‍ നടത്തുന്ന തട്ടിപ്പുകള്‍ പാവപ്പെട്ടവന്റെ ജീവിതം പോലും സംശയാസ്പദമാക്കുകയാണ്. ഈ മനുഷ്യര്‍ ആരോടാണ് പരാതിപ്പെടുക? രോഗികളെയും വീടില്ലാതെ തെരുവില്‍ അന്തിയുറങ്ങുന്നവരെയുമെല്ലാം സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഒരു സമൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയുമോ? ഭിക്ഷാടനം നിരോധിക്കാനുള്ള തീരുമാനം പല നാടുകളും എടുത്തത് ഭീതിയില്‍ നിന്നും നിവൃത്തിയില്ലായ്മ കൊണ്ടുമാണ്. എന്നാല്‍, ചിലര്‍ നടത്തുന്ന തട്ടിപ്പുകളെ ചൂണ്ടിക്കാണിച്ച് സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഉറ്റവരോ ഇല്ലാത്ത എല്ലാവരെയും സംശയത്തില്‍ നിര്‍ത്തിയുള്ള ഈ തീരുമാനത്തെ പൂര്‍ണമായി അംഗീകരിച്ച് കൊടുക്കാമോ?യാചന എല്ലാ അര്‍ഥത്തിലും സമൂഹത്തിന് മുറിവ് തന്നെയാണ്. മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാത്ത നിരാലംബരും നിര്‍ധരുമായ ഒരു വിഭാഗമെന്ന നിലക്ക് തന്നെയാണ് സമൂഹം ഇവരെ സഹായിക്കുന്നത്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഭിക്ഷാടന മാഫിയകള്‍ പെരുകി വരികയാണെന്ന പ്രചാരണം വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോയി അവയവങ്ങള്‍ വെട്ടി മാറ്റി, അംഗ പരിമിതരാക്കി ഭിക്ഷാടനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. അത്തരം സംഘങ്ങള്‍ കേരളത്തിലേക്കും കടന്നിട്ടുണ്ടെന്ന വര്‍ത്തകള്‍ പരക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പ്രചരിച്ചിട്ടുമുണ്ട്.

യാചകര്‍ പെരുകി വരുന്ന അവസ്ഥ ഇന്ന് കൂടുതലാണ്. യാചകരില്‍ കൂടുതല്‍ സ്ത്രീകളാണ്. കൈക്കുഞ്ഞുമായി എത്തുന്ന ഇതര സംസ്ഥാന സ്ത്രീകളാണ് കേരളത്തിലിപ്പോള്‍ കൂടുതല്‍ ഉള്ളത്.  ദിവസവും ആയിരം രൂപ വരെ സമ്പാദിക്കാന്‍ പറ്റുന്ന തൊഴിലായി യാചന മാറിയിട്ടുണ്ട്. എന്നുവെച്ചാല്‍, കേരളത്തില്‍ യാചനക്ക് നല്ലൊരു സ്‌കോപ്പുണ്ടെന്നര്‍ഥം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇതൊരു ജീവിത മാര്‍ഗമാക്കാക്കാം.

അത്തരത്തില്‍ കേരളത്തിലേക്ക് കടന്നു വരുന്ന ഭിക്ഷാടനക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
യാചിക്കുന്നവരില്‍ കൂടുതല്‍ പേരും നന്നായി ജോലിയെടുക്കാന്‍ പറ്റുന്ന ആളുകളാണ്. സ്ത്രീകളായാലും പുരുഷന്‍മാരായാലും. ആരോഗ്യമുള്ള ശരീരം തൊഴിലെടുക്കാതെ മറ്റുള്ളവര്‍ക്ക് മുന്നിലേക്ക് കൈനീട്ടുന്ന ദുരന്തം എത്ര ആപത്കരമാണ്? ഇത്തരം ആളുകളോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് ചോദിച്ചാല്‍ പോലും അവരുടെ അഭിനയ മികവില്‍ നമ്മള്‍ വീണു പോകും. അതുകൊണ്ടുകൂടിയാണ്, അപകടം പിടിച്ച ഈ യാചനകള്‍ നിരോധിക്കാന്‍ പലരും മുന്നോട്ട് വരുന്നത്്. എന്നാല്‍, ഒറ്റപ്പെട്ടു പോയ ചില ജീവിതങ്ങളുണ്ട്. ആരും അഭയം നല്‍കാത്തവര്‍. അവരെ നാം അത്തരം സംശയങ്ങളിലേക്ക് കൊണ്ടു പോകുന്നത് അപകടകരം തന്നെ.

വീടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് യാചനക്കെത്തുന്നവര്‍ മോഷ്ടാക്കളെന്നാണ് വെപ്പ്. അതിനാല്‍ യാചിക്കുന്നവരെ സമൂഹം ഇപ്പോള്‍ പൊതുവെ പരിഗണിക്കാറില്ല. അത് പ്രായമുള്ളവരായാലും. സഹായം ആര്‍ക്കൊക്കെ ചെയ്യണമെന്ന സംശയം നിലനില്‍ക്കയാണിപ്പോള്‍. എന്നിരുന്നാലും യാചനയുടെ പേരിലുള്ള ആശങ്ക ഇനിയും പല വിധത്തില്‍ ഉണ്ടായേക്കാം. അത് കൂടുതല്‍ പ്രകടമായത് സോഷ്യല്‍ മീഡിയയുടെ ഉപയോഗം മൂലമാണ്. ആ നിലക്ക് യാചകരെ അടച്ചാക്ഷേപിക്കുന്ന സമൂഹം വളര്‍ന്നു വരികയും ചെയ്യുന്നു. യാചനയെ ഒട്ടും പ്രോത്സാഹിപ്പിക്കരുതെന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി ജീവിച്ചവര്‍ വീണ്ടും നമ്മുടെ  അരികിലേക്ക് തന്നെ വീണ്ടും വീണ്ടും എത്തും. യാചന നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാലും അവര്‍ നമ്മെ തേടിയെത്തും. ഈ പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുകയും ചെയ്യും. യാചന നിരോധിത മേഖലയായി അമ്പലങ്ങളും പള്ളികളും  മാറിയിട്ടുണ്ട്. എന്നിട്ടും അവിടെങ്ങളിലെല്ലാം യാചകരെ കാണാം.

ഈ  നൂറ്റാണ്ടിലും യാചകര്‍ പെരുകുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. തൊഴില്‍ സാഹചര്യങ്ങള്‍ വികസിച്ചിട്ടു പോലും ഇന്നും ചിലര്‍ യാചിച്ചു ജീവിക്കുകയാണ്. എത്ര ആപത്കരമാണിത്. ഭരണകൂടങ്ങള്‍ ഇത്തരം സംഗതികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനപ്രതിനിധികള്‍ യാചനയെ പറ്റി സംസാരിക്കാതെ പോകരുത്. മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെടാതെ പോകരുത്. അത് പക്ഷേ, യാചിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കിയോ അതിന്റെ ഇരകളായ സാധാരണക്കാരുടെ ഭീതി കൂട്ടിയോ ആകരുത്. ഭിക്ഷാടന മാഫിയകള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നിരവധി കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കാണാതായത് 7292 കുട്ടികളെയാണ്. ഭരണകൂടം ഗൗരവത്തില്‍ കാണേണ്ട വിഷയം തന്നെയാണിത്. മലയാളികള്‍ നല്‍കുന്ന കാരുണ്യം കൊണ്ട് തന്നെയാണ് യാചകര്‍ അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത്. ആ നിലക്ക് മലയാളി സമൂഹം യാചകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.  യാചനയുടെ മറവില്‍ നടക്കുന്ന  വിപത്തുകളെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണ്. യാചന തൊഴിലാക്കിയവര്‍ ദിനം പ്രതി സമ്പാദിക്കുന്നത് സാധാരണക്കാരന് ഒരു ദിവസം ജോലി ചെയ്തു കിട്ടുന്ന തുകയേക്കാള്‍ എത്ര കൂടുതലാണ്.
രോഗം മൂലം മറ്റുള്ളവരോട് കനിവു തേടുന്ന നിരാലംബരായ ആളുകളുണ്ട്. അത്തരം വിഭാഗങ്ങളെ പോലും സമൂഹം ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണം ഇതര സംസ്ഥാനത്തു നിന്നുള്ളവരുടെ യാചന തന്നെയാണ്. ഒട്ടും പ്രോത്സാഹനം നല്‍കിക്കൂടാ ഇതര സംസ്ഥാനത്തു നിന്നുള്ള യാചകര്‍ക്ക്.  ഭരണകൂടം യാചന പ്രോത്സാഹിപ്പിച്ചു കൂടാ. യാചിക്കുന്നവരെ ഭരണകൂടം നിരീക്ഷണ വിധേയമാക്കണം.
യാചന ഇല്ലാതാക്കാന്‍ സര്‍ക്കാറുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അത് പക്ഷേ, യാചന ഒറ്റയടിക്ക് നിരോധിച്ചുകൊണ്ടതുണ്ട്. അവരെ മനുഷ്യരായി പരിഗണിച്ചു മറുവഴി കാണണം. ഭരണകൂടങ്ങളാല്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നവരാണ് യാചകര്‍. അവരെ പൊതു സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കാന്‍ ആരും തയ്യാറാവില്ല. ആ നിലക്ക് സര്‍ക്കാര്‍ അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here