സാമ്പത്തിക സര്‍വേ

Posted on: January 31, 2018 6:56 am | Last updated: January 30, 2018 at 11:06 pm
SHARE

നടപ്പു വര്‍ഷത്തെ സാമ്പത്തികാവസ്ഥെയക്കുറിച്ചുള്ള ഔദ്യോഗിക നിഗമനങ്ങളും വരാനിരിക്കുന്ന വര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്ന രേഖയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് വസ്തുതകളുടെയും കാഴ്ചപ്പാടിന്റെയും സംയുക്തമാണെന്നതിനാല്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അതീവ പ്രധാനം തന്നെയാണ്. കോടിക്കണക്കായ മനുഷ്യരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കണക്കുകള്‍ അവയില്‍ നിര്‍വികാരമായി ഉറങ്ങുന്നു. പലപ്പോഴും ഈ കണക്കുകളിലും നിരീക്ഷണങ്ങളിലും തന്നെ സംബന്ധിച്ച് പ്രസക്തമായ വല്ലതുമുണ്ടോ എന്നാണ് സാധാരണക്കാരന്‍ ചോദിക്കാറുള്ളത്. അത്രമേല്‍ നിസ്സംഗമായാണ് സാമാന്യ മനുഷ്യര്‍ ഇത്തരം റിപ്പോര്‍ട്ടുകളെ കാണുന്നത്. എന്നാല്‍ കര്‍ഷകന്‍ അകപ്പെട്ട കടക്കെണിയും വ്യാപാരി അനുഭവിക്കുന്ന മാന്ദ്യവും യുവാവ് കടന്ന് പോകുന്ന തൊഴിലില്ലായ്മയും ശമ്പളക്കാരന്റെ ആവലാതികളും പെന്‍ഷന്‍കാരുടെ ആധിയുമെല്ലാം ഈ കണക്കുകളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.

ഇത്തവണത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഒന്ന് കണ്ണോടിച്ചാല്‍ ഈ വസ്തുതകള്‍ തെളിഞ്ഞ് വരും. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.75 ശതമാനമാണെന്നതില്‍ വേവലാതി വേണ്ടെന്ന് റിപ്പോര്‍ട്ട് സമാധാനിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്ന് പ്രത്യാശ പങ്കുവെക്കുന്ന റിപ്പോര്‍ട്ട് മുന്നോട്ടുള്ള യാത്രയില്‍ നേരിടേണ്ട പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തുന്നു. ഇന്ധനവില കുതിച്ചുയരുമെന്നതാണ് അതില്‍ മുഖ്യം. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡിന്റെ വില ചാഞ്ചാടുമെന്നും അതിന്റെ പ്രതിഫലനം ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ വളരെ വലുതായിരിക്കുെമന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അസംസ്‌കൃത എണ്ണയുടെ വില 14 ശതമാനം കണ്ട് വര്‍ധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ആ വര്‍ധന 15 ശതമാനത്തിലെത്തിയേക്കാം. രാജ്യത്ത് വന്‍ വിലക്കയറ്റത്തിനാകും ഇത് വഴി വെക്കുക. എല്ലാ വിഭാഗമാളുകളെയും നേരിട്ട് ബാധിക്കുന്ന പ്രതിസന്ധിയാകും ഇത്. പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലക്കും. ഉത്പാദന രംഗത്ത് മുരടിപ്പ് പ്രകടമാകും. ആത്യന്തികമായി അത് തൊഴില്‍ നഷ്ടത്തിന് വഴിവെക്കും.

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ ഒരു ഖണ്ഡികയായി ഒതുങ്ങേണ്ടതോ ആശങ്ക പങ്കുവെച്ച് മടക്കി വെക്കേണ്ടതോ ആയ പ്രശ്‌നമല്ല ഇതെന്ന് നയരൂപവത്കരണത്തിന് ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആഗോള സാഹചര്യത്തില്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. പ്രത്യേകിച്ച് എണ്ണ വിപണിയില്‍. അതുകൊണ്ട് ആഭ്യന്തരമായ കരുതല്‍ തന്നെയാണ് പ്രധാനം. വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ഇപ്പോള്‍ സംഭവിക്കുന്നത് ആഗോള കമ്പോളത്തിലെ വിലവര്‍ധനവിന്റെ മുഴുവന്‍ ഭാരവും ഉപഭോക്താക്കളിലേക്ക് പ്രസരിപ്പിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാകട്ടേ നന്നായി നികുതി പിരിച്ച് ഈ സാഹചര്യം മുതലാക്കുകയും ചെയ്യുന്നു. ഈ നില മാറിയേ തീരൂ. എണ്ണ വിപണിയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുകയെന്ന നയത്തിലേക്ക് തിരിച്ചു പോകുകയല്ലാതെ പോംവഴിയില്ല.

കാര്‍ഷിക മേഖലയിലെ തിരിച്ചടിയാണ് സാമ്പത്തിക സര്‍വേ മുന്നോട്ടു വെക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇന്നും ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് കാര്‍ഷിക മേഖലയാണ്. എപ്പോഴൊക്കെ കാര്‍ഷിക തകര്‍ച്ച നേരിട്ടോ അപ്പോഴെല്ലാം രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും 2.1ശതമാനത്തിലെത്താന്‍ മാത്രമേ സാധ്യതയുള്ളൂവെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥയിലെ അതിതീവ്രാവസ്ഥകള്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഇക്കാര്യത്തില്‍ സര്‍വേ അഭിപ്രായപ്പെട്ടത്. ഹ്രസ്വകാലത്ത് ഒരു ഭരണകൂടത്തിന് ഇടപെട്ട് പരിഹരിച്ചു കളയാവുന്ന ഒന്നല്ല കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍. സംവത്സരങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വരേണ്ട പാരിസ്ഥിതിക ജാഗ്രതയാണ് യഥാര്‍ഥ പരിഹാരം. എന്നാല്‍ അടിയന്തരമായി ചെയ്യാവുന്ന കാര്യം കാലാവസ്ഥയിലെ തകിടം മറിയലുകളെ മറികടക്കാവുന്ന സാഹചര്യം കര്‍ഷകര്‍ക്ക് ഒരുക്കി കൊടുക്കുകയെന്നതാണ്. മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ സാങ്കേതിക വിദ്യ വേണ്ടി വരും. കാര്‍ഷിക വായ്പകള്‍ സുതാര്യവും ഭാരരഹിതവുമാക്കുകയെന്ന ദൗത്യം ഏറ്റെടുക്കണം.

നികുതി വരുമാനത്തിലും നിക്ഷേപത്തിലും വലിയ വര്‍ധനയുണ്ടായപ്പോള്‍ വ്യാവസായിക വളര്‍ച്ച 4.6 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി കുറയുകയാണുണ്ടായതെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ പൊതു വികസനത്തെ ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ സ്വാധീനിക്കുന്നതിന്റെ അപകടം സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതു വ്യാവസായിക ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ പോന്നതാണ് ഓഹരി വിപണിയിലെ, മൂര്‍ത്തമായ കാരണമേതുമില്ലാത്ത, ഇടിച്ചിലുകള്‍.
നോട്ട് നിരോധനവും ജി എസ് ടിയും നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ അവയുടെ ആഘാതത്തെ കുറിച്ച് തന്ത്രപരമായ മൗനം ദീക്ഷിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം നോട്ട് നിരോധനമായിരുന്നുവെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ജി എസ് ടിയാകട്ടെ സംസ്ഥാനങ്ങളുടെ വിപണി ഇടപെടല്‍ ശേഷിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജി എസ് ടിയില്‍ നിന്ന് ലഭ്യമാകേണ്ട വിലക്കുറവ് ഉപഭോക്താവിന് കിട്ടാതിരിക്കുകയും വര്‍ധനവ് ഒരു പ്രതിരോധവുമില്ലാതെ പതിക്കുകയുമാണല്ലോ ഉണ്ടായത്. എയര്‍ ഇന്ത്യയുടെ അടക്കം സ്വകാര്യവത്കരണത്തെയും വിദേശ മൂലധനത്തിനായി കൂടുതല്‍ തുറന്നിടുന്ന നയത്തെയും ആശ്രയിക്കാന്‍ തന്നെയാണ് ഈ സാമ്പത്തിക സര്‍വേയും നിര്‍ദേശിക്കുന്നത്. പൊതു മേഖലയെയും ചെറുകിട മേഖലയെയും തകര്‍ത്ത് നാം എങ്ങോട്ട് വളരുമെന്നാണ് ഈ പറയുന്നത്?

 

 

LEAVE A REPLY

Please enter your comment!
Please enter your name here