Connect with us

International

യു എസിന്റെ ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് സി ഐ എ

Published

|

Last Updated

Puzzle

വാഷിംഗ്ടണ്‍: അമേരിക്കക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്ന് സി ഐ എ തലവന്‍. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഭീഷണിയായി ചൈന വളരുകയാണെന്നും റഷ്യയേക്കാളും ചൈന പല മേഖലയിലും അവരുടെ പാദമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും യു എസ് ചാരസംഘടനയുടെ ഡയറക്ടറും മുന്‍ റിപ്പബ്ലിക്കന്‍ നേതാവുമായ മൈക് പൊമ്പിയോ വ്യക്തമാക്കി. ബി ബി സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയെ തകര്‍ക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തര കൊറിയ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സാമ്പത്തിക മേഖലയില്‍ റഷ്യയേക്കാളും ചൈന മുന്നോട്ടെത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരായി എത്തുന്നവര്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചാരപ്രവര്‍ത്തനം നടത്തുകയാണ്. ആശുപത്രികളിലും സ്‌കൂളുകളിലും ചൈനയുടെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ട്. അമേരിക്കയുടെ ബൗദ്ധികമായ സമ്പത്ത് ചൈന കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ കമ്പനികളെയും ചൈന സ്വാധീനിക്കുന്നുണ്ട്.” സി ഐ എ മേധാവി പറഞ്ഞു. ചൈനക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന് റഷ്യയുമായുള്ള ബന്ധമുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദം കെട്ടടങ്ങുന്നതിന്റെ മുമ്പാണ് ചൈനയെ മുഖ്യ ശത്രുവായി ചിത്രീകരിക്കാനുള്ള സി ഐ എയുടെ ശ്രമം. കൂടാതെ ചൈനക്കെതിരെ വിദ്വേഷം പടര്‍ത്തലും യൂറോപ്യന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കലുമാണ് അമേരിക്കയുടെ ലക്ഷ്യം.

അതേസമയം, അമേരിക്കയെ പാടെ തകര്‍ക്കാന്‍ ശേഷിയുള്ള ആണവ മിസൈലുണ്ടാക്കാന്‍ ഉത്തര കൊറിയക്ക് സാധിക്കുമെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം മിസൈലുകളുമായി അവര്‍ രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കക്കും ലോകരാജ്യങ്ങള്‍ക്കുമെതിരെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജേംഗ് ഉന്‍ ഉയര്‍ത്തുന്ന ഒരോ വെല്ലുവിളികളും സി ഐ എ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും പൊമ്പിയോ കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികളെ നയതന്ത്ര തലത്തിനു പുറത്ത് കൈകാര്യം ചെയ്യാന്‍ സഹായകമായ പലവിധ മാര്‍ഗങ്ങള്‍ പ്രസിഡന്റിന് കൈമാറുകയാണ് തന്റെ ഏജന്‍സിയുടെ ചുമതലയെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ ഉത്തര കൊറിയയുമായുള്ള ഏറ്റുമുട്ടല്‍ വന്‍ വിപത്തുണ്ടാക്കുമെന്നും തങ്ങളുടെ പ്രധാന സഖ്യമായ ദക്ഷിണ കൊറിയയേയും ജപ്പാനേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള ബലപ്രയോഗത്തിന് മുതിരുന്നത് ഭൂഷണമല്ലെന്നും പൊമ്പിയോ അഭിപ്രായപ്പെട്ടു.
കടുത്ത ഭാഷയില്‍ പ്രതികരിച്ച് കിം ജോംഗ് ഉന്നിന്റെ വായടപ്പിക്കുന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രീതിയെ പൊമ്പിയോ പ്രശംസിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്റ് നടത്തുന്ന കടുത്ത ഭാഷാപ്രയോഗം തീര്‍ച്ചയായും ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest