Connect with us

National

മേഘാലയ; തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

Published

|

Last Updated

ഷില്ലോംഗ്: ഫെബ്രുവരി 27ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയ ഭരണ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളുടെ പേരില്‍ 115 പേരാണ് ഇന്നലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി അംഗത്വം രാജിവെച്ചത്. ലസാറസ് സംഗമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് തെക്കന്‍ ഗാരോ പര്‍വത ജില്ലയിലെ ഛോക്‌പോട്ട് മണ്ഡലത്തില്‍ നിന്നുള്ള 100 പേരും വിറ്റ്‌നസ് സിംക്ലിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് റിഭോയ് ജില്ലയിലെ ജിരംഗ് മണ്ഡലത്തില്‍ നിന്നുള്ള 15 പേരുമാണ് കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചത്.

ഛോക്‌പോട്ട് ബ്ലോക്ക് കമ്മിറ്റി, ജിരംഗ് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി, റിഭോയ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തുടങ്ങിയവയില്‍ നിന്നുള്ള അംഗങ്ങളാണ് രാജിവെച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ തലവേദനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് എം എല്‍ എമാരില്‍ അഞ്ച് പേര്‍ എന്‍ പി പിയിലും ഒരാള്‍ ബി ജെ പിയിലും മറ്റൊരാള്‍ പുതുതായി രൂപവത്കരിച്ച പി ഡി എഫിലും ചേര്‍ന്നിരുന്നു.

Latest