എസ്എസ്എഫ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് സെന്‍സോറിയം ഫെബുവരി 2 മുതല്‍ കുറ്റ്യാടിയില്‍

Posted on: January 30, 2018 5:37 pm | Last updated: January 30, 2018 at 5:37 pm

കോഴിക്കോട്: ധൈഷണിക വിദ്യാര്‍ത്ഥിത്വം സര്‍ഗാത്മക ആവിഷ്‌കാരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് ഇസ്‌ലാമിക് സെന്‍സോറിയം ഫെ്രബുവരി 2,3,4 തിയ്യതികളില്‍ കുറ്റ്യാടി താജ് വാലിയില്‍ നടക്കും. കേരളത്തിലെ മത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന ശിബിരവും സമാപന സമ്മേളനവുമാണ് സെന്‍സോറിയത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്.

വിദ്യാര്‍ത്ഥികളുടെ പഠനം, എഴുത്ത്, പ്രഭാഷണം എന്നീ മേഖലയിലെ സമഗ്ര പരിശീലനമാണ് പഠന ശിബിരത്തില്‍ നടക്കുന്നത്. പാരമ്പര്യ ഇസ്‌ലാമിന്റെ തനത് രീതികളില്‍ ജ്ഞാനാന്വേഷണത്തിന്റെ പുതുവഴികള്‍ തേടുന്നതിനും പ്രയോഗവത്ക്കരിക്കുതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധമാണ് ക്യാമ്പ് സംവിധാനിച്ചിരിക്കുന്നത്. ദഅ്‌വാ യൂണിറ്റുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 500 പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംബന്ധിക്കുന്നത്. തുടര്‍ന്ന് 4 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമ്പൂര്‍ണ മുതഅല്ലിം സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ മത സ്ഥാപനങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മത വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും.

ഫെബുവരി 4 ന് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. സെന്‍സോറിയതിന് മുന്നോടിയായി തഫ്‌സീര്‍ കോഫറന്‍സ്, ഫിഖ്ഹ് കോഫറന്‍സ്, സെന്‍സോ മീറ്റ്, ഖുറത്തുല്‍ ഐന്‍ ടെസ്റ്റ് തുടങ്ങിയ പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായതായി ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.