Connect with us

Kerala

ചെങ്ങന്നൂരില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെ വേണ്ട; മഞ്ജു വാര്യറെ തള്ളി സിപിഎം ജില്ലാ നേതൃത്വം

Published

|

Last Updated

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തള്ളി സിപിഎം ജില്ലാ നേതൃത്വം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി മൂന്ന് തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം ഇടതുപക്ഷം അട്ടിമറി വിജയം നേടുകയായിരുന്നു. ഇൗ വിജയം തുടരാനാകുമെന്നും അതിന് സെലിബ്രിറ്റി സ്ഥാനാര്‍ഥിയുടെ ആവശ്യമില്ലെന്നും സജി പറഞ്ഞു. സജി ചെറിയാന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു മറുപടി.

ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ് മുന്നണികള്‍. ഇതിനിടയൊണ് നടി മഞ്ജു വാര്യറെ സിപിഎം പരിഗണിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ചെങ്ങന്നൂര്‍ എംഎല്‍എ അഡ്വ. കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാമചന്ദ്രന്‍ നായരുടെ വിജയം.