Connect with us

Kerala

ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കുന്നവര്‍ ബിരുദമില്ലെന്ന് സത്യവാങ്മൂലം നല്‍കണം

Published

|

Last Updated

ബിരുദം മറച്ചുവെച്ച് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷക്ക് അപേക്ഷിച്ചാല്‍ പി എസ് സി പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യും. ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കുന്നവര്‍ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ന ല്‍കണമെന്ന് ഉത്തരവിറക്കാനും ഇന്നലെ ചേര്‍ന്ന പി എസ് സി യോഗം തീരുമാനിച്ചു. ബിരുദ യോഗ്യത നേടിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലാത്ത ലാസ്റ്റ് ഗ്രേഡിന് ബിരുദം മറച്ചുവെച്ച് നിരവധി പേര്‍ അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ഡീബാര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാകുമെന്ന വിവരം വണ്‍ ടൈം വെരിഫിക്കേഷന്‍ അറിയിപ്പിനൊപ്പം ഉദ്യോഗാര്‍ഥികളെ അറിയിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ റൂളില്‍ പരീക്ഷാ സ്‌കീം സംബന്ധിച്ച നിര്‍ദേശത്തിലെ അവ്യക്തത പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും.

പി എസ് സിയുടെ സേവനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “പി എസ് സിയെ അറിയുക” എന്നത് സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ് 3/ലേഡീ മെഡിക്കല്‍ ഓഫീസര്‍/അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍ തസ്തികയുടെ ഒഴിവുകള്‍ ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്ന് സമ്മതപത്രം വാങ്ങി നികത്താനും തീരുമാനിച്ചു.

കെ എസ് ഇ ബിയോട് മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ തസ്തികയുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഉത്തരവായ പശ്ചാത്തലത്തില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ (കാറ്റഗറി നമ്പര്‍ 557/2014) ആയിരം പേരെ ഉള്‍പ്പെടുത്തി മുഖ്യപട്ടികയും ആവശ്യമായ എണ്ണം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടികയും തയ്യാറാക്കി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

കേരള വനം വികസന കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എന്‍ സി എ -ധീവര) (കാറ്റഗറി നമ്പര്‍ 486/2016) ഓണ്‍ലൈന്‍പരീക്ഷ നടത്താനും കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ് 2, ഫോംമാറ്റിംഗ്‌സ് ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 11/2014) എന്നിവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

Latest