കേരളം കൊടും വരള്‍ച്ചയിലേക്ക്

Posted on: January 30, 2018 7:27 am | Last updated: January 29, 2018 at 11:30 pm

കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴുന്നതായി കേന്ദ്ര ഭൂജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. ജലവിതാനം വന്‍തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രക്കും തമിഴ്‌നാടിനും തൊട്ടുപിന്നാലെ കേരളം മൂന്നാം സ്ഥാനത്തുണ്ടെന്നാണ് ഭൂജല ബോര്‍ഡിന്റെ പഠനം കാണിക്കുന്നത്. ദേശീയ ശരാശരിയെക്കാളും പിന്നാലാണ് ഭൂഗര്‍ഭ ജലനിരപ്പില്‍ സംസ്ഥാനം. കേരളത്തിലെ 1366 കിണറുകള്‍ കേന്ദ്രസംഘം പരിശോധിച്ചതില്‍ വര്‍ഷാദ്യത്തില്‍ വേനല്‍ തുടങ്ങും മുമ്പേ തന്നെ 957ലും അഥവാ 70 ശതമാനത്തിലും വെള്ളം കുറഞ്ഞതായി കണ്ടു. ഗ്രാമീണ മേഖലയില്‍ 65 ശതമാനവും ശുദ്ധജലത്തിന് കിണറുകളെയാണ് ആശ്രയിക്കുന്നതെന്നതിനാല്‍ കിണറുകളിലെ ജലനിരപ്പ് താഴ്ച അവരെ സാരമായി ബാധിക്കും. ജലസംഭരണവും നിയന്ത്രണങ്ങളും കര്‍ശനമാക്കി ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.

ഏകദേശം 3000 മില്ലി മീറ്റര്‍ മഴ ലഭ്യമാകുന്നതും മിക്കയിടങ്ങളും ഭൗമോപരിതല ജലാശയങ്ങളുള്ളതുമായ സംസ്ഥാനമാണ് കേരളം. ഏതാനും വര്‍ഷം മുമ്പു വരെ ജലക്ഷാമം ഇവിടെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അത്തരമൊരു ദുര്‍ഗതി കേരളത്തിന് വരില്ലെന്നാണ് നാം ആശ്വസിച്ചിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറി. സംസ്ഥാനത്തിന്റെ ജലസംഭരണികള്‍ ഒന്നൊന്നായി വറ്റിവരളുകയാണ്. ഇക്കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് മഴ പെയ്ത ഘട്ടത്തില്‍ പോലും ഡാമുകളില്‍ ജലവിതാനത്തില്‍ താഴ്ചയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ ഭൂജലവിതാനത്തിന്റെ താഴ്ചാതോത് 71.26 ശതമാനം ആണ്. മിക്ക പ്രദേശങ്ങളും ശുദ്ധജലത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള ലോറികളെ ആശ്രയിക്കേണ്ടി വരുന്നു. ഓരോ വര്‍ഷം കഴിയും തോറും സ്ഥിതി രൂക്ഷമാവുകയാണ്. ഈ വര്‍ഷം ജനുവരിയിലെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേക്കാളും കുറവായിരുന്നു.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന വരള്‍ച്ചക്കൊപ്പം മരങ്ങള്‍, ചെങ്കല്ലുകളാല്‍ സമൃദ്ധമായ ഉള്‍നാടന്‍ കുന്നുകള്‍ തുടങ്ങി ഭൂമിയില്‍ ജലം റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ നഷ്ടമാകുന്നതും മഴലഭ്യതയുടെ കുറവുമാണ് ജലത്താല്‍ അനുഗൃഹീതമായിരുന്ന സംസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചത്. കേരളത്തിലെ ശരാശരി മഴലഭ്യത പ്രതിവര്‍ഷം 1.43 മില്ലി മീറ്റര്‍ കുറയുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷക സംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത്. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുന്ന പ്രവണതയും വ്യാപകമാണ്. വെട്ടുകല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്ക് ഭൂമിയിലേക്ക് വെള്ളം റീചാര്‍ജ് ചെയ്യുന്നതില്‍ വലിയൊരു പങ്കുണ്ടെന്നാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ധാരാളം സുഷിരങ്ങളുള്ളതാണ് വെട്ടുകല്ലുകള്‍. ഇവ ജലം സംഭരിച്ച് നിര്‍ത്തുകയും ക്രമേണ അതില്‍ നിന്ന് കിണറുകളിലേക്കും കുളങ്ങളിലേക്കും ഒഴുകി എത്തുകയും ചെയ്യുന്നു. കടുത്ത വേനലില്‍ പോലും കുളങ്ങളും കിണറുകളും തടാകങ്ങളും ശുദ്ധജലത്താല്‍ സമൃദ്ധമാക്കിയിരുന്നത് ഇത്തരം കുന്നുകളും പാറകളുമായിരുന്നുവെന്നാണ് വിദഗ്ധ പക്ഷം. ശരിയായി പരിപാലിച്ചാല്‍ വെട്ടുപാറകളുള്ള പ്രദേശങ്ങളില്‍ അര മീറ്ററിനും ആറ് മീറ്ററിനും ഇടയില്‍ ജലവിതാനം ലഭ്യമാകും. എന്നാല്‍, പരിപാലിക്കാന്‍ സംസ്ഥാനത്ത് പാറക്കുന്നുകളെവിടെ? കുഴല്‍ കിണറുകളുടെ വര്‍ധനവിനും ഭൂമിക്കടിയിലെ ജലനിരപ്പ് കുറയുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇരുന്നൂറും മുന്നൂറും മീറ്ററുകള്‍ താഴ്ചയില്‍ നിന്ന് കുഴല്‍ക്കിണറുകളിലൂടെ വെള്ളം ഊറ്റിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സുകള്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്.

ജല ആവശ്യകത സംസ്ഥാനത്ത് വര്‍ഷാന്തം വര്‍ധിച്ചു വരികയാണ്. 2001ല്‍ വാര്‍ഷിക ജല ആവശ്യകത 26,000 ദശലക്ഷം ഘനമീറ്ററായിരുന്നെങ്കില്‍ 2031-ഓടെ ഇത് 44,000 ദശലക്ഷം ഘനമീറ്ററായി വര്‍ധിക്കുമെന്നാണ് ദേശീയ സാമ്പത്തിക ഗവേഷണ കൗണ്‍സിലിന്റെ പഠനം. ഇക്കാലയളവിനിടയില്‍ ജലഉപയോഗം 64 ശതമാനം വര്‍ധിക്കുമെന്നര്‍ഥം. അതേസമയം സംസ്ഥാനത്തെ ജലലഭ്യത വര്‍ഷം തോറും കുറഞ്ഞു വരികയാണ്. ആശങ്കാജനകമാണിത്. കേന്ദ്ര ഭൂജല ബോര്‍ഡ് നിര്‍ദേശിച്ച പോലെ ജലസംഭരണത്തിന് ഊര്‍ജിതമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. തണ്ണീര്‍ത്തടങ്ങളുടെയും വയലുകളുടെയും സംരക്ഷണവും നൈസര്‍ഗികമായ നിലനില്‍പ്പും ഉറപ്പുവരുത്തുക, ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്‍പ്പെടെ കുഴല്‍ കിണര്‍ നിര്‍മാണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക, മഴക്കുഴികള്‍ നിര്‍മിച്ചും തോടുകളിലും ചാലുകളിലും തടയണകള്‍ തീര്‍ത്തും മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പുഴകളിലേക്കും കടലിലേക്കും ഒഴുകിപ്പോകുന്നത് പരമാവധി തടയുക, ഗൃഹപരിസരങ്ങളിലും വഴിയോരത്തും പുറമ്പോക്കിലും നടീല്‍ പ്രവര്‍ത്തനങ്ങളും വനവത്കരണവും ഊര്‍ജിതമാക്കുക തുടങ്ങിയവയാണ് സംസ്ഥാനത്തെ കൊടുംവരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍. സര്‍ക്കാറിനൊപ്പം രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ഈ സംരംഭത്തില്‍ അനിവാര്യമാണ്.