Connect with us

Gulf

ദുബൈ-ഷാര്‍ജ മെട്രോ പദ്ധതി; റോഡ് ഗതാഗതത്തിന്റെ 30 ശതമാനം കുറവ് വരുത്തുമെന്ന് പഠനം

Published

|

Last Updated

ദുബൈ: ദുബൈ നഗരത്തില്‍ നിന്ന് ഷാര്‍ജ സിറ്റി സെന്റര്‍ ഭാഗത്തേക്ക് മെട്രോ ലൈന്‍ വിപുലീകരിച്ചാല്‍ ഇത്തിഹാദ് റോഡിലൂടെയുള്ള ഗതാഗതത്തിന് 30 ശതമാനം കുറക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട് പ്ലാനിംഗ് സ്ഥാപനമാണ് ഇരു എമിറേറ്റുകള്‍ക്കിടയിലും മെട്രോ സൗകര്യം ഏര്‍പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്തിയത്. ഈ പാതയിലൂടെയുള്ള ഗതാഗത സ്തംഭനം എമിറേറ്റിലെ സാമ്പത്തിക രംഗത്തെ എങ്ങിനെ ബാധിക്കുമെന്നും ഖിയാദ മെട്രോ സ്റ്റേഷന്‍ മുതല്‍ ഷാര്‍ജ സിറ്റി സെന്റര്‍ വരെ മെട്രോ പച്ചപ്പാത വിപുലീകരിച്ചാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ മൂന്നില്‍ ഒരു ഭാഗം പരിഹരിക്കാമെന്നും എമിറേറ്റിലെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ കരുത്തു പകരാമെന്നും പഠനം ചൂണ്ടക്കാട്ടുന്നുണ്ട്.
അഞ്ച് പ്രധാന പാതയില്‍ മണിക്കൂറില്‍ 33,200 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തിലുള്ളതാണ്. അതേസമയം തിരക്കേറിയ സമയത്ത് മണിക്കൂറില്‍ 40,000 വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. ഇത് മൂലം ഈ മേഖലയില്‍ മൂന്ന് മണിക്കൂറോളം ഗതാഗത സ്തംഭനം ഉണ്ടാകുന്നതിന് വഴിയൊരുക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

ദുബൈ എമിറേറ്റില്‍ നിന്ന് ഷാര്‍ജയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളായ ഇത്തിഹാദ് റോഡ്, ഡമസ്‌കസ് സ്ട്രീറ്റ് ബൈറൂത് സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിലൂടെ ദിനംപ്രതി ഒമ്പത് ലക്ഷം ട്രിപ്പുകളാണ് ഇരു ദിശകളിലേക്കും ഉണ്ടാകുന്നത്. ഈ റോഡുകളിലൂടെ പ്രവര്‍ത്തി ദിവസങ്ങളില്‍ അതി രാവിലെ മാത്രം 40,000 വാഹനങ്ങളിലായി 52,000 യാത്രക്കാരാണ് കടന്ന് പോകുന്നതെന്ന് പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു.

തിരക്കേറിയ സമയത്ത് ഈ പാതകളിലൂടെയുള്ള ഗതാഗത സ്തംഭനം മൂലം സമയ നഷ്ടത്തിലും ഇന്ധനച്ചെലവിലും കൂടി പ്രതിവര്‍ഷം 430 കോടി ദിര്‍ഹമിന്റെ നഷ്ടമാണ് രേഖപെടുത്തുന്നത്. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന തുകക്ക് തുല്യമായി ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 12 കിലോമീറ്റര്‍ അധിക മെട്രോ ലൈന്‍ പണിയുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിയും. റിപ്പോര്‍ട്ട് അടിവരയിടുന്നു.

 

Latest