Connect with us

Gulf

ഫെഡറല്‍ റോഡുകളില്‍ ഇനി മുതല്‍ എല്‍ ഇ ഡി വിളക്കുകള്‍

Published

|

Last Updated

ദുബൈ: യു എ ഇയിലെ ഫെഡറല്‍ റോഡുകളില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ അടിസ്ഥാന വികസന മന്ത്രാലയം ഒരുങ്ങുന്നു. വൈദ്യുതോര്‍ജ ഉപയോഗം കുറച്ച് കുറഞ്ഞ ചിലവില്‍ രാജ്യത്തെ പൊതു പാതകളില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രകാശം നല്‍കുന്നതിനാണ് പദ്ധതി. രാജ്യത്തെ 710 കിലോമീറ്റര്‍ വരുന്ന ഫെഡറല്‍ പാതകളിലാണ് എല്‍ ഇ ഡി ലാംപ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി സാമ്പത്തികമായി ലാഭമുണ്ടാക്കുന്നതാണ്. കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ലാംപുകളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത ലാംപുകളേക്കാള്‍ ആയുസ് കൂടുതലാണ്. പത്തു വര്‍ഷത്തോളം ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇത്തരം എല്‍ ഇ ഡി ലാംപുകളെന്ന് മന്ത്രാലയത്തിന് കീഴിലെ ടെന്‍ടെര്‍സ് ആന്‍ഡ് കോണ്‍ട്രാക്ട്‌സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ഈമാന്‍ അല്‍ മന്‍സൂരി പറഞ്ഞു.
പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ 26,300 പരമ്പരാഗത ലാംപുകളാണ് നീക്കംചെയ്യുക. പ്രതിദിനം 46 മെഗാവാട് വൈദ്യുതിയാണ് ഈ ലാംപുകള്‍ക്ക് ആവശ്യമുള്ളത്. എല്‍ ഇ ഡി ലാംപുകള്‍ ഉപയോഗിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ 50 ശതമാനം കുറക്കുവാന്‍ കഴിയും.

290 കിലോമീറ്റര്‍ നീളത്തിലാണ് ലാംപുകള്‍ സ്ഥാപിക്കുക. രണ്ടാമത്തെ ഘട്ടത്തില്‍ 4,510 ബള്‍ബുകളാണ് സ്ഥാപിക്കുക.12.3 മെഗാവാട് വൈദ്യുതി മാത്രം ആവശ്യമുള്ളതാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കുന്ന ലാംപുകളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വികസന പ്രവര്‍ത്തികള്‍ക്കൊപ്പം പരിസ്ഥിതി സൗഹൃദ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് കരുത്തു പകരുന്നതിനാണ് പദ്ധതി. പരമ്പരാഗത ലാംപുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കാര്‍ബണ്‍ പ്രസരണം കുറച്ച് അന്തരീക്ഷ മലിനീകരണം തടയുന്ന പ്രവര്‍ത്തികള്‍ക്കും പദ്ധതി കരുത്തു പകരുമെന്ന് അവര്‍ വ്യക്തമാക്കി.