കെ.എം. മാണിക്ക് എപ്പോള്‍ വേണമെങ്കിലും മുന്നണിയിലേക്ക് വരാം: കെ. മുരളീധരന്‍

  • യുഡിഎഫ് വിട്ടവരില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒഴികെ ബാക്കിയെല്ലാവരും തിരികെവരണമെന്നാണു തന്റെ അഭിപ്രായമെന്ന് കെ.മുരളീധരന്‍.
Posted on: January 29, 2018 6:27 pm | Last updated: January 30, 2018 at 11:06 am

കോഴിക്കോട്: കെ.എം. മാണിക്ക് എപ്പോള്‍ വേണമെങ്കിലും മുന്നണിയിലേക്ക് മടങ്ങിയെത്താമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫ് വിട്ടവരില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒഴികെ ബാക്കിയെല്ലാവരും തിരികെവരണമെന്നാണു തന്റെ അഭിപ്രായമെന്നും കെ. മുരളീധരന്‍പറഞ്ഞു.

എം.പി വീരേന്ദ്രകുമാറിനു പിണറായിയെ കാണുമ്പോള്‍ പണ്ടു ജയിലില്‍കിടന്ന കാര്യമാണ് ഓര്‍മ വരുന്നത്. കോണ്‍ഗ്രസടക്കമുള്ളവര്‍ വീരേന്ദ്രകുമാറിനോട് ഒരുതെറ്റും ചെയ്തിട്ടില്ലെന്നും എന്തുകാരണം കൊണ്ടാണു മുന്നണി വിട്ടതെന്ന് അദ്ദേഹം പറയട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനായി തങ്ങള്‍ ഒരുക്കം തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്നും എല്‍ഡിഎഫിന് ഇനി ധാര്‍മികതയെക്കുറിച്ചു പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.