ബിജെപിക്കെതിരെ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇടതുദൗത്യം; വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന ചിന്ത വിടുവായത്തം: കാനം

Posted on: January 29, 2018 1:48 pm | Last updated: January 29, 2018 at 1:48 pm

കൊല്ലം: വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്നും
ബിജെപിക്കെതിരെ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇടതുദൗത്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യശത്രുവിനെതിരെ യോജിച്ചുള്ള പോരാട്ടം വേണം. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ. വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണക്കുന്ന നിലപാട് സിപിഐക്കില്ല. ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നു അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ചൈനയെ അനുകൂലിച്ച് സംസാരിക്കുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമര്‍ശനം. ചൂഷണരഹിത സമൂഹം കെട്ടിപ്പടുക്കാന്‍ ചൈന അവരുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കന്‍ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണെന്നതില്‍ തര്‍ക്കമില്ലെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു.