Connect with us

Kannur

പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

Published

|

Last Updated

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷമാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 49 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വികെ സിനോജ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പെട്ടപ്പോള്‍ കെ കുഞ്ഞപ്പ, പി വാസുദേവന്‍ എന്നിവരെ ഒഴിവാക്കി. 2010 ഡിസംബറില്‍ പി ശശി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്തായപ്പോഴാണു പി ജയരാജന്‍ സെക്രട്ടറിയായി ചുമതലയേറ്റത്. 2012 ല്‍ പയ്യന്നൂരിലും 2015 ല്‍ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പി ജയരാജനെതിരെ വ്യക്തിപൂജയെന്ന പേരില്‍ ഉയര്‍ന്ന വിമര്‍ശം അനുചിതമെന്ന് സി പി എം ജില്ലാ സമ്മേളനത്തിലെ സംഘടനാ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പാര്‍ട്ടി സമ്മേളന കാലയളവില്‍ സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടാനിടയായ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് ശരിയായില്ലെന്ന് പ്രതിനിധികളില്‍ ഏറെപ്പേരും അഭിപ്രായപ്പെട്ടു. ഇത് അണികളില്‍ ആശങ്ക സൃഷ്ടിച്ചുവെന്നും നേതൃത്വത്തിനെതിരെ വിമര്‍ശമുന്നയിച്ച് പ്രതിനിധികള്‍ വ്യക്തമാക്കി.

കണ്ണൂരില്‍ പി ജയരാജന്‍ എന്ന സെക്രട്ടറി പാര്‍ട്ടിക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചെറുതായി കാണരുത്. പാര്‍ട്ടി സമ്മേളന സമയത്ത് ജില്ലാ സെക്രട്ടറിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ശരിയായില്ല. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയാത്തതാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇത്തരം നിരീക്ഷണത്തിനു പിന്നിലെന്നും വിമര്‍ശനം ഉണ്ടായി.

 

Latest