എക്‌സലന്‍സി ടെസ്റ്റ് സമാപിച്ചു; പരീക്ഷകള്‍ വിദ്യാര്‍ഥി സൗഹൃദമാകണം: മന്ത്രി സുധാകരന്‍

Posted on: January 29, 2018 9:33 am | Last updated: January 29, 2018 at 9:33 am
SHARE
എസ് എസ് എഫ് സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ലജ്‌നതുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: പരീക്ഷകള്‍ വിദ്യാര്‍ഥി സൗഹൃദമാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പഠനം പരീക്ഷകള്‍ക്ക് വേണ്ടിയാകരുത്. വിദ്യാര്‍ഥികളില്‍ നന്മയും സാംസ്‌കാരിക ബോധവും സൃഷ്ടിക്കാനാകണം. വിദ്യാര്‍ഥികള്‍ പഠനത്തേക്കാള്‍ പരീക്ഷയെ ഗൗരവത്തില്‍ കാണുകയും ഭയപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. അതിനുതകുന്ന വിധം പരീക്ഷയും മൂല്യനിര്‍ണയവും പരിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എല്‍ സി, പ്ലസ് ടൂ, വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ ലജനതുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ലജനതുല്‍ മുഹമ്മദിയ്യ സ്‌കൂള്‍ മാനേജര്‍ എ എം നസീര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് നസീര്‍, കെ അബ്ദുര്‍റശീദ്, സ്വലാഹുദ്ദീന്‍ അയ്യൂബി, തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ജില്ലകളില്‍ എം നൗശാദ് എം എല്‍ എ (കൊല്ലം), കെ ജെ മാക്‌സി എം എല്‍ എ (എറണാകുളം), ഡി ഡി ഇ, പി കൃഷ്ണന്‍ (പാലക്കാട്), പ്രൊഫ. എ പി അബ്ദുല്‍വഹാബ് (കോഴിക്കോട്), മുരളി പെരുനെല്ലി എം എല്‍ എ (തൃശൂര്‍) അഡ്വ. ശ്രീധരന്‍ നായര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാതൃകാ പരീക്ഷയാണ് എക്‌സലന്‍സി ടെസ്റ്റ്. പരീക്ഷയുടെ ഭാഗമായി ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.
ഗണിതം, സാമൂഹിക ശാസ്ത്രം, ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന് വരുന്ന എക്‌സലന്‍സി ടെസ്റ്റില്‍ ഈ വര്‍ഷം മുതല്‍ സി ബി എസ് ഇ പത്താം തരക്കാര്‍ക്കും മാതൃകാ പരീക്ഷ ഒരുക്കിയിരുന്നു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം വിഷയത്തിലാണ് സി ബി എസ് ഇ വിഭാഗത്തിന് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് 677 സെന്ററുകളിലായി 1,18,108 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിസ്ഡം എജ്യൂകേഷനല്‍ ഫൗഡേഷന്‍ ഓഫ് ഇന്ത്യയുടെ (വെഫി) കീഴിലാണ് എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here