രക്തം കൊണ്ട് എഴുതിയ കത്തുകള്‍

Posted on: January 29, 2018 9:25 am | Last updated: January 29, 2018 at 9:25 am

ബലാത്സംഗത്തിന് ഇരയായ ഉത്തര്‍ പ്രദേശ് സ്വദേശിനിയായ യുവതി നീതി തേടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എഴുതിയ കത്ത് മാധ്യമങ്ങളില്‍ വരികയുണ്ടായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് രണ്ട് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ലഖ്‌നോവിലെ ഒരു ഫഌറ്റില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പറയുന്നത്. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ല. കേസില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്. കുറ്റവാളികളെ ശിക്ഷിക്കുകയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് 18കാരിയായ യുവതി സ്വന്തം രക്തം കൊണ്ട് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് ഇതുപോലെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പറയാനുണ്ട് രക്തത്തില്‍ ചാലിച്ച ദുരനുഭവങ്ങള്‍. അതീവ ആശങ്കാജനകമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യന്‍ സ്ത്രീത്വം കടന്നു പോകുന്നത്. പുറത്തിറങ്ങിയാല്‍ അവളെ പിച്ചിച്ചീന്താന്‍ വേട്ടക്കാര്‍ തക്കം പാര്‍ത്തിരിക്കയാണ്. വാഹനങ്ങളില്‍, തൊഴിലിടങ്ങളില്‍, കലാലയങ്ങളില്‍, സ്വന്തം വീട്ടില്‍ പോലും അവള്‍ വേട്ടയാടപ്പെടുന്നു. ഒരാഴ്ച മുമ്പാണ് ഹരിയാനയില്‍ ആറ് യുവാക്കള്‍ ചേര്‍ന്ന് 17 കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തു റോഡില്‍ ഉപേക്ഷിച്ചത്. സ്ത്രീപീഡനങ്ങളുടെ നിരക്ക് രാജ്യത്ത് ക്രമാതീതമായി ഉയരുകയാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. 2013-14ല്‍ 24,923 ബലാല്‍സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2014-15 കാലയളവില്‍ 33,707 കേസുകളായി വര്‍ധിച്ചു. 2015-16 ല്‍ 34,600 എന്ന രീതിയിലേക്കും ഉയര്‍ന്നു. രാജ്യത്ത് ഓരോ പതിനഞ്ച് മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നുണ്ടെന്നാണ് അനൗദ്യോഗിക ഏജന്‍സിയുടെ വിലയിരുത്തല്‍. പുറം ലോകമറിഞ്ഞാലുള്ള മാനഹാനി ഭയന്നും ഭാവിജീവിതം അവതാളത്തിലാകുമെന്ന ഭീതി മൂലവും ഇരയും വീട്ടുകാരും സംഭവം മൂടിവെക്കുകയാണ്.

ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഒറ്റക്ക് പോകരുതെന്നും അമേരിക്കന്‍ വിനോദ സഞ്ചാര വകുപ്പ് ഈയിടെ അവരുടെ സ്ത്രീകള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതര രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന സ്ത്രീപീഡനം ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു. വര്‍ധിച്ചു വരുന്ന സ്ത്രീപീഡനവും കുറ്റകൃത്യങ്ങളുമാണ് തങ്ങളുടെ പരിഷ്‌കരിച്ച യാത്രാ ഗൈഡില്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമായത്. ഇന്ത്യയില്‍ സ്ത്രീപീഡനം വര്‍ധിക്കുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ തന്നെ വ്യക്തമാണെന്നും വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലാണ് സ്ത്രീപീഡനവും അതിക്രമങ്ങളും വര്‍ധിക്കുന്നതെന്നും യു എസ് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അമേരിക്കക്കാര്‍ യു എസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രത്യേക അനുവാദം വാങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.
സ്ത്രീത്വം രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും സുരക്ഷിതത്വത്തിന് വേണ്ടി കേഴുമ്പോഴും അത് കണ്ടില്ലെന്ന് നടിച്ചു ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചാണ് ഭരണകൂടം വാചാലമാകുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താതെയും അവരുടെ മാനവും ശരീരവും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെയും രാജ്യത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത് കൊണ്ടെന്ത് നേട്ടം? അടിസ്ഥാന സൗകര്യങ്ങളും സ്വസ്ഥവും സുരക്ഷിതവുമായ ജിവിതവും ഉറപ്പാക്കുകയാണ് ഏതൊരു സര്‍ക്കാറിന്റെയും പ്രഥമ ബാധ്യത. നിര്‍ഭയ മോഡല്‍ പീഡനങ്ങള്‍ നടക്കുമ്പോള്‍ നിയമം കര്‍ശനമാക്കിയതു കൊണ്ടായില്ല, അത് പ്രായോഗികവത്കരിക്കാനുള്ള ശ്രമങ്ങള്‍ കൂടി വേണ്ടതുണ്ട്. 2013 ഏപ്രില്‍ രണ്ടിന് പാര്‍ലിമെന്റ് പാസാക്കിയ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവ് മുതല്‍ ജീവപര്യന്തം തടവിനോ വധശിക്ഷക്കോ വരെ വകുപ്പുണ്ട്. എന്നാല്‍ എത്ര പേര്‍ ഇതനുസരിച്ചു ശിക്ഷിക്കപ്പെട്ടു? രാഷട്രീയ, സാമ്പത്തിക സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്.

കുറ്റവാളികള്‍ സ്വന്തം പാര്‍ട്ടിക്കാരോ വേണ്ടപ്പെട്ടവരോ ആണെങ്കില്‍ ഇരകളേക്കാള്‍ അവരോടാണ് രാഷ്ട്രീയ നേതൃത്വത്തിന് താത്പര്യം. ഈ മനോഭാവം ഉപേക്ഷിച്ചു കുറ്റവാളികള്‍ ആരാണെങ്കിലും മതിയായ ശിക്ഷ ഉറപ്പാക്കാനുളള ആര്‍ജവം സര്‍ക്കാറിനുണ്ടാകണം. ഒപ്പം ലൈംഗികാതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സാമൂഹിക സാഹചര്യങ്ങളും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. മുന്‍ പരിചയമാണ് പല സ്ത്രീപീഡനങ്ങള്‍ക്കും വഴിവെച്ചതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ സ്ത്രീസമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.