ആ വെടിയുണ്ടകള്‍ നിലക്കുന്നില്ല

ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് നാളെ തുടക്കം
സാംസ്‌കാരിക മന്ത്രി
Posted on: January 29, 2018 9:22 am | Last updated: January 29, 2018 at 9:22 am
SHARE

70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജനുവരി 30 ന്റെ സായാഹ്നം. ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സര്‍വമത പ്രാര്‍ഥനക്കായി തന്റെ സന്തത സഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിന് പിന്നിലെ അല്‍പ്പം ഉയരം കൂടിയ മുറ്റത്തേക്ക് നടന്നു വരികയാണ്. അന്ന് അല്‍പ്പം വൈകിയാണ് അദ്ദേഹം പ്രാര്‍ഥനക്ക് എത്തിയത്. ഗാന്ധിജിയുടെ വരവും കാത്ത് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് നീല ട്രൗസറും കാക്കി ബുഷ് ജാക്കറ്റും ധരിച്ച ഒരു ചെറുപ്പക്കാരന്‍ മുന്നോട്ട് വന്ന് തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. ‘ഹേ റാം’ എന്ന് മന്ത്രിച്ച് കൊണ്ട് മഹാത്മാവ് കുഴഞ്ഞു വീണു. മൂന്ന് പതിറ്റാണ്ടിലേറെകാലമായി ഭാരതീയരുടെ മനസ്സില്‍ നിര്‍ഭയത്വവും ജീവിതത്തിന് വെളിച്ചവും പകര്‍ന്നിരുന്ന ആ ജീവന്‍ അവിടെ പൊലിഞ്ഞു. ‘എങ്ങും കൂരിരുള്‍ മാത്രം’ എന്നാണ് നെഹ്‌റു ഇതേപ്പറ്റി പറഞ്ഞത്. രാമരാജ്യം സ്ഥാപിക്കാന്‍ മോഹിച്ച മഹാത്മാവിന്റെ ജീവനപഹരിച്ചത് രാമക്ഷേത്രം പണിയാനായി മസ്ജിദ് തകര്‍ത്തവരുടെ മുന്‍ഗാമികളായിരുന്നു.
മഹാത്മജിയുടെ നേര്‍ക്കുള്ള മൂന്നാമത്തെ ആക്രമണമായിരുന്നു അത്. 1934-ല്‍ പൂനെയില്‍ വെച്ചായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അദ്ദേഹം വധിക്കപ്പെടുന്നതിനും പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേപോലെ പ്രാര്‍ഥനായോഗത്തിന് വരുമ്പോഴായിരുന്നു. പരാജയപ്പെട്ട രണ്ടാമത്തെ ഉദ്യമത്തില്‍ പങ്കെടുത്തവര്‍ തന്നെയാണ് 10 ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ ദൗത്യം ‘വിജയകരമായി’ പൂര്‍ത്തിയാക്കിയത്. മഹാത്മാവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര ഭാരതത്തിലെ പോലീസിന് കഴിഞ്ഞില്ല എന്ന ആക്ഷേപം അന്ന് ശക്തമായി ഉയര്‍ന്നു.

അര നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടീഷ് കോളനിവിരുദ്ധ സമരത്തില്‍ പങ്കെടുത്ത പാരമ്പര്യമാണ് മഹാത്മജിക്ക് ഉള്ളത്. അതില്‍ മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യയിലെ ജനകോടികളെ അണിനിരത്തി സ്വാതന്ത്ര്യം നേടുന്നതിനുള്ള അക്ഷീണയത്‌നത്തിലായിരുന്നു. ബ്രിട്ടീഷ്‌വിരുദ്ധ കലാപത്തിന്റെ രക്തസാക്ഷിയായിരുന്നില്ല അദ്ദേഹം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പും അതിനു ശേഷവും സഹിഷ്ണുതക്കും സാഹോദര്യത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ടതു കൊണ്ടാണ് അദ്ദേഹത്തിന് രക്തസാക്ഷിയാകേണ്ടി വന്നത്. താന്‍ സനാതന ഹിന്ദുവാണ് എന്ന് എല്ലായ്‌പ്പോഴും അഭിമാനപൂര്‍വം പറഞ്ഞിരുന്ന മഹാത്മജിയെ വധിച്ചത് മറ്റൊരു സനാതന ഹിന്ദുവായിരുന്നു. ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തിന് വിഘാതമായി നിന്നതുകൊണ്ടാണ് ഗാന്ധിജി വധിക്കപ്പെട്ടത്. മതാടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിക്കുന്നതിനും രാഷ്ട്രങ്ങള്‍ രൂപവത്കരിക്കുന്നതിനും എതിരെ ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വംശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌റാഈല്‍ എന്ന യഹൂദ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അത്തരത്തിലുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റ് വംശീയവാദികളുടെ നിലപാടിനോട് ശക്തമായ വിയോജിപ്പ് ഗാന്ധിജിക്ക് ഉണ്ടായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ നേതാക്കളായി അരങ്ങുവാണിരുന്ന ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍ തുടങ്ങിയ സവര്‍ണ ചിത്ഭവന്‍ ബ്രാഹ്മണരുടെ കൈയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം സൗരാഷ്ട്രയില്‍ നിന്നും വന്ന വൈശ്യ ജാതിക്കാരനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ കരങ്ങളിലേക്ക് വഴുതി പോകുന്നത് കണ്ട് അന്ധാളിച്ചവരാണ് ഗാന്ധിജിയെ വധിക്കാനായി കരുക്കള്‍ നീക്കിയത്.
ഒന്നാം ലോകമഹായുദ്ധാനന്തര കാലത്ത് ഇന്ത്യയില്‍ ഐക്യപ്പെട്ടു വന്ന കോണ്‍ഗ്രസ് – ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വക്താവായി ഗാന്ധിജി രംഗത്ത് വന്നതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്. ഹിന്ദു- മുസ്‌ലിം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. അതില്‍ പരിഭ്രാന്തിപൂണ്ടവരാണ് ഒരു സവര്‍ണഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യവുമായി 1923-ല്‍ ഹിന്ദു മഹാസഭയും അതിന്റെ ഉള്ളില്‍ സൈദ്ധാന്തികവും കായികവുമായി പരിശീലനം സിദ്ധിച്ച ഒരു കേഡര്‍ സംഘടനയായ ആര്‍ എസ് എസും രൂപവത്കരിച്ചത്. ഈ രണ്ട് സംഘടനകളുടെയും നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന വ്യക്തികള്‍ ഒരേ കൂട്ടരായിരുന്നു. അതിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഡോ. ബി എസ് മുംജെ ഇറ്റലി സന്ദര്‍ശിച്ച് മുസ്സോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് സൈനിക സ്‌കൂളുകളില്‍ നിന്ന് പരിശീലനത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കുകയും അത് ആര്‍ എസ്എസിന്റെ ശാഖകളില്‍ നടപ്പിലാക്കുകയും ചെയ്തു. സൈദ്ധാന്തികവും കായികവുമായ പരിശീലനം നല്‍കി ദൃഢചിത്തരായും കായികമായി കരുത്തുള്ളവരായും വളര്‍ന്നുവരുന്നവര്‍ തങ്ങള്‍ ചെയ്ത പ്രവൃത്തിയോര്‍ത്ത് പിന്നീടൊരിക്കലും പശ്ചാത്തപിക്കുകയില്ല. അതുകൊണ്ടാണ് ഗാന്ധി വധത്തിലെ കുറ്റവാളികളായ നാഥൂറാം ഗോഡ്‌സെയും ഗോപാല്‍ ഗോഡ്‌സെയും മറ്റുള്ളവരും ഒരിക്കലും പശ്ചാത്തപിക്കാതിരുന്നത്. ഈ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ വി ഡി സവര്‍ക്കര്‍ പരിശീലിപ്പിച്ച് വിട്ട ശിഷ്യന്മാര്‍ ഒരിക്കലും തങ്ങളുടെ ഗുരുവിനെ ഒറ്റികൊടുക്കാത്തതിനാല്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ല. അതുകൊണ്ടാണ് പാര്‍ലിമെന്റിലെ അശോകാഹാളില്‍ ഇരയും വേട്ടക്കാരനും പരസ്പരം പുഞ്ചിരിതൂകി മുഖാമുഖം നോക്കിനില്‍ക്കുന്നത്.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രഖ്യാപിച്ച മഹാത്മജി തന്റെ ജീവിതത്തിലുടനീളം മുറുകെപിടിച്ചിരുന്നത് അഹിംസ, സത്യാഗ്രഹം, നിസ്സഹകരണം, മതനിരപേക്ഷത, മാനവീകത എന്നീ മൂല്യങ്ങളായിരുന്നു. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സവര്‍ണ- അവര്‍ണ ഭേദമന്യേ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അദ്ദേഹം അണിനിരത്തിയത്. മതാടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിച്ച്, ഇന്ത്യയില്‍ രണ്ട് ദേശീയതകളാണ് ഉള്ളതെന്നും അതിന്റെയടിസ്ഥാനത്തില്‍ പാക്കിസ്ഥാനെന്നും ഹിന്ദുസ്ഥാനെന്നും രണ്ട് രാഷ്ട്രങ്ങള്‍ രൂപവ്ത്കരിക്കണമെന്നുള്ള ഹിന്ദു മഹാസഭയുടെയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെയും നിലപാടുകളെ നിരാകരിച്ചുകൊണ്ട് അഖണ്ഡഭാരതമെന്ന നിര്‍ദേശമാണ് അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെ മുന്നില്‍ വെച്ചത്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞു പോകുന്ന ഇന്ത്യയിലെ ഭൂപ്രദേശങ്ങളെയും മഹാഭൂരിപക്ഷം വരുന്ന ഹിന്ദു നാട്ടുരാജ്യങ്ങളെയും സംയോജിപ്പിച്ച് ഒരു ഹിന്ദുരാഷ്ട്രം രൂപവത്കരിക്കുകയെന്നതായിരുന്നു ഹിന്ദു മഹാസഭയുടെ കാഴ്ചപ്പാട്.

രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാമന്ത്രിസഭകളോട് ആലോചിക്കാതെ ഇന്ത്യയും യുദ്ധത്തില്‍ പങ്കാളിയാണെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് സര്‍ക്കാറിനോട് പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവെച്ചപ്പോള്‍, തങ്ങളെ മന്ത്രിസഭകള്‍ രൂപവത്കരിക്കാന്‍ അനുവദിച്ചാല്‍ സര്‍ക്കാറിന് നിരുപാധിക പിന്തുണ നല്‍കാമെന്ന് ഹിന്ദു മഹാസഭയുടെ അന്നത്തെ അധ്യക്ഷനായിരുന്ന വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി തീര്‍ക്കണം എന്ന തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിന് തടസ്സം ഗാന്ധിജിയാണെന്ന് ഹിന്ദുമഹാസഭ വിലയിരുത്തി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടനാ നിര്‍മാണസഭ നിലവില്‍ വരികയും തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിസഭകള്‍ നിലവില്‍ വരികയും, ജനങ്ങള്‍ മഹാത്മജിയുടെ കീഴില്‍ അണിനിരക്കുകയും ചെയ്താല്‍ തങ്ങളുടെ ഹിന്ദുരാഷ്ട്ര മോഹം നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. ഒരാളിന് ഒരു വോട്ട് എന്ന അടിസ്ഥാനത്തില്‍ ജനാധിപത്യഭരണപ്രക്രിയ നടപ്പിലായാല്‍ മഹാഭൂരിപക്ഷം വരുന്ന ദലിതരും പിന്നോക്കസമുദായക്കാരും സവര്‍ണരുടെ ഭരണത്തെ തൂത്തെറിയുമെന്നത് ഉറപ്പായിരുന്നു. ആ പ്രക്രിയയില്‍ മഹാത്മജിയെയായിരിക്കും ഇന്ത്യന്‍ ജനത പിന്തുടരുകയെന്ന് ഉറപ്പുള്ളതിനാല്‍ അദ്ദേഹത്തെ വധിക്കേണ്ടത് ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസിന്റെയും ആവശ്യമായിരുന്നു. ഭരണഘടന നിലവില്‍ വന്നതിന് ശേഷം തിരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് 1950-ല്‍ ഭാരതീയ ജനസംഘം എന്ന ഒരുരാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായത്. അന്നു മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആ കക്ഷിയുടെ വ്യത്യസ്ത പേരുകളിലുള്ള പിന്‍മുറക്കാര്‍.
മഹാത്മജിയുടെ ജീവനപഹരിച്ച വെടിയുണ്ടകള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഗര്‍ജിച്ചുകൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്നവര്‍, ചിന്താസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍, അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവര്‍, മതനിരപേക്ഷതക്ക് വേണ്ടിയും സാഹോദര്യത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നവര്‍- കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ പ്രതിജ്ഞയെടുക്കേണ്ട ബാധ്യത വര്‍ത്തമാനകാല സമൂഹത്തിനുണ്ട്.
അതുകൊണ്ടാണ് സാംസ്‌കാരിക വകുപ്പ് ‘രക്തസാക്ഷിത്വത്തിന്റെ 70 വര്‍ഷങ്ങള്‍’ എന്ന പേരില്‍ മഹാത്മാവിന്റെ ജീവത്യാഗത്തെ വിവിധ പരിപാടികളോടെ ജനങ്ങളെ ഓര്‍മപ്പെടുത്താന്‍ തീരുമാനിച്ചത്. ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും അദ്ദേഹവുമായി സഹകരിക്കുകയും ഐക്യപ്പെടുകയും ചെയ്ത വ്യക്തികളും ചരിത്ര സന്ദര്‍ഭങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആചരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഈ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നാളെ വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഗാന്ധിയുടെ പ്രപൗത്രനും പത്രപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 29, 30 തീയ്യതികളില്‍ ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി വിപുലമായ എക്‌സിബിഷനും വിജെടി ഹാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ മഹാത്മജി ജനിച്ചതിന്റെ 150-ാം വാര്‍ഷികം രാജ്യം ആഘോഷിക്കാനിരിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ് 1950-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തിക്കാനും പ്രകടിപ്പിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും സ്ഥിതിസമത്വവും അവസരസമത്വവും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ടുള്ള സാഹോദര്യവും സ്ഥാപിക്കുമെന്നാണ് ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ആ തത്വങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി ഓരോ ഭാരതീയനും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയാണ് മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ചെയ്യാനുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here