Connect with us

National

മോദി ഫലസ്തീനിലേക്ക്; മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത മാസം തുടങ്ങുന്ന ചതുര്‍ദിന വിദേശ പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനും സന്ദര്‍ശിക്കും. ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനവും അതിന് പിറകേ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

അടുത്ത മാസം ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ യു എ ഇ, ഒമാന്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളിലാണ് മോദി പര്യടനം നടത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീനില്‍ എത്തുന്നത്. ജനുവരി 14 മുതല്‍ 19 വരെയാണ് നെതന്യാഹു ഇന്ത്യയിലുണ്ടായിരുന്നത്.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ രണ്ടാമത്തെ യു എ ഇ സന്ദര്‍ശനമാണിത്. ഒമാനില്‍ ഇതാദ്യമായാണ് അദ്ദേഹം പോകുന്നത്. ഉഭയകക്ഷി താത്പര്യമുള്ള നിരവധി വിഷയങ്ങളില്‍ അതത് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടക്കുന്ന ചര്‍ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. അബ്ബാസ് കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ വന്നിരുന്നു.

അതേസമയം, മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം ഇസ്‌റാഈലുമായുള്ള ഊഷ്മള ബന്ധത്തെ ഒരു നിലക്കും സ്വാധീനിക്കില്ലെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മുമ്പൊരിക്കലുമില്ലാത്ത തന്ത്രപര സൗഹൃദം ജൂത രാഷ്ട്രവുമായി തുടരും. യു എസ് കൊണ്ടുവന്ന ജറൂസലം പ്രമേയത്തിനെതിരെ യു എന്‍ പൊതുസഭയില്‍ ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഫലസ്തീനോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തെ അമച്വര്‍ നയതന്ത്രമായാണ് ഇസ്‌റാഈല്‍ കാണുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest