Connect with us

Kerala

ലക്ഷ്യം സാമ്പത്തിക അച്ചടക്കം; സംസ്ഥാനത്ത് വീണ്ടും ഉദ്യോഗസ്ഥ പുനര്‍വിന്യാസം

Published

|

Last Updated

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും സംസ്ഥാനത്ത് ഉദ്യോഗസ്ഥ പുനര്‍വിന്യാസം വീണ്ടും ആരംഭിക്കുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കി, പിന്നീട് തുടരാന്‍ കഴിയാതെ വന്ന ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനാണ് സര്‍ക്കാര്‍ വീണ്ടും ഒരുങ്ങുന്നത്.

വിവിധ വകുപ്പുകളില്‍ അധികമെന്ന് കണ്ടെത്തുന്ന ജീവനക്കാരെയാണ് ഉദ്യോഗസ്ഥ ക്ഷാമം മൂലം നട്ടം തിരിയുന്ന മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുക. ഇതിന് മുമ്പായി വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ കണക്കെടുപ്പ് ഇതിനകം തുടങ്ങിയിട്ടുണ്ട.് പൊതുമരാമത്ത്, ജലസേചന വകുപ്പുകളില്‍ നിന്നും കൃഷി വകുപ്പിലെ ഉയര്‍ന്ന തസ്തികകളില്‍ നിന്നുമെല്ലാമാണ് കൂടുതല്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുക. കൂടുതല്‍ ഉദ്യോഗസ്ഥ ക്ഷാമമുള്ള തദ്ദേശസ്വയം ഭരണ വകുപ്പിലും റവന്യൂ വകുപ്പിലുമാകും കൂടുതല്‍ മാറ്റി നിയമനങ്ങള്‍ നടക്കുക. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളെന്ന നിലയില്‍ ഇവിടങ്ങളിലുണ്ടാകുന്ന ഉദ്യോഗസ്ഥ ക്ഷാമമാണ് സര്‍ക്കാറിന് ഏറ്റവുമധികം തലവേദനയാകുന്നത്. ഇത് പരിഹരിക്കുന്നതിനാണ് പുനര്‍വിന്യാസത്തില്‍ പ്രഥമ പരിഗണന.

ഉദ്യോഗസ്ഥരില്ലാത്തതും അമിത ജോലിഭാരം മൂലം അവരുടെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതുമാണ് അധികാര വികേന്ദ്രീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. പുതിയ സാമ്പത്തിക വാര്‍ഷാരംഭത്തില്‍ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്.
സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാറായിട്ടും മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഉദ്യോഗസ്ഥ ക്ഷാമം കാരണം ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ തന്നെ ഒന്നിലേറെ പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന അവസ്ഥയാണുള്ളത്. ഒരു പഞ്ചായത്തിന് ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്ന രീതിയില്‍ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. തദ്ദേശ വകുപ്പിലെ മിക്ക തസ്തികകളുടെ അവസ്ഥയും ഇതുതന്നെയാണ്. 6700 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന വകുപ്പില്‍ തികച്ചും അപര്യാപ്തമായ മനുഷ്യശേഷിയാണുള്ളത്. 5229 ജീവനക്കാരാണ് ഇപ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലുള്ളത്.

താക്കോല്‍ സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്തത് മൂലം ഗ്രാമവികസന വകുപ്പിലും ഭരണസ്തംഭനമാണെന്ന്് പരാതിയുയര്‍ന്നിട്ടുണ്ട്. ഈ വകുപ്പില്‍ പല ജില്ലകളിലും സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സെക്രട്ടറി, ജോയിന്റ് ബി ഡി ഒ, ഹെഡ് ഓഫ് അക്കൗണ്ട്‌സ് തുടങ്ങിയ തസ്തികകൡലാണ് ആളില്ലാത്തത്. സിവില്‍ സപ്ലൈസ് വകുപ്പിലും നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. പുനര്‍വിന്യാസം മൂലം തസ്തികകള്‍ നികത്തുന്നുവെന്നതിനപ്പുറം സാമ്പത്തിക അച്ചടക്കം കൈവരിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പുതിയ ബജറ്റ് അവതരണത്തിന് മുമ്പ് പുനര്‍വിന്യാസം തുടങ്ങുമെന്നാണ് സൂചന. ഉദ്യോഗസ്ഥ പുനര്‍വിന്യാസം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന നീക്കങ്ങള്‍ കര്‍ശനമായി നേരിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി