Connect with us

Kerala

ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച; സഭാ സമ്മേളനം തീരും മുമ്പ് ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍ സി പി

Published

|

Last Updated

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകാതെ വേണമെന്ന് ആവശ്യപ്പെടാന്‍ എന്‍ സി പി. ദേശീയ നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം പാര്‍ട്ടി നിലപാട് എല്‍ ഡി എഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന.

പാര്‍ട്ടിക്കുള്ളിലെ ഭിന്നത ഒഴിവാക്കാനാണ് ദേശീയതലത്തില്‍ തീരുമാനമെടുക്കാനുള്ള നീക്കം. പാര്‍ട്ടി എം എല്‍ എമാരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും തോമസ് ചാണ്ടിയെ അനുനയിപ്പിച്ച് വേണം തീരുമാനമെന്ന ധാരണ പാര്‍ട്ടി നേതൃത്വത്തിലുണ്ട്. ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് തോമസ് ചാണ്ടി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
ടി പി പീതാംബരന്‍, എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍, തോമസ് ച ാണ്ടി എന്നിവരെയാണ് ചര്‍ച്ചക്കായി ക്ഷണിച്ചിരിക്കുന്നത്. തോമസ് ചാണ്ടി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. പവാറിന് പുറമെ, ജനറല്‍ സെക്രട്ടറിമാരായ പ്രഫുല്‍ പട്ടേല്‍, താരിഖ് അന്‍വര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

ദേശീയ നേതൃത്വം തീരുമാനമെടുത്താല്‍ ഉടന്‍ എല്‍ ഡി എഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഇതിന് ശേഷമാകും സത്യപ്രതിജ്ഞ. നിയമസഭാസമ്മേളനം അവസാനിക്കുന്നത് ഫെബ്രുവരി ഏഴിനാണ്. ശശീന്ദ്രന്റെ മടങ്ങിവരവിനെ പ്രതിപക്ഷം എതിര്‍ക്കുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം കഴിഞ്ഞ ശേഷമാകും സത്യപ്രതിജ്ഞയെന്നാണ് സൂചന. എന്നാല്‍, നിയമസഭ തീരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് എന്‍ സി പി നിലപാട്. നിയമസഭാ സമ്മേളനം കഴിയാന്‍ കാത്തിരിക്കേണ്ടെന്നും ശശീന്ദ്രന്റെ തിരിച്ചുവരവ് നേരത്തേ തീരുമാനിച്ചതാണെന്നും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീരുമാനം വൈകുന്നത് മന്ത്രിപദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അപസ്വരങ്ങളുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വീണ്ടും നിയമക്കുരുക്ക് സൃഷ്ടിക്കുമോയെന്ന ആധിയും ശശീന്ദ്രന്‍ ക്യാമ്പിനുണ്ട്. കേസില്‍ വിധി പറയുന്നതിന് തൊട്ടുമുമ്പ് വന്ന പൊതുതാത്പര്യ ഹരജിയാണ് ഈ ആശങ്കക്ക് ബലം നല്‍കുന്നത്. മേല്‍ക്കോടതികളില്‍ വീണ്ടും ഹരജിയെത്തിയാല്‍ തിരിച്ച് വരവ് അനിശ്ചിതത്വത്തിലാകും. ഇതും സത്യപ്രതിജ്ഞ വേഗത്തിലാക്കാന്‍ എന്‍ സി പിയെ പ്രേരിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനം എത്രയുംവേഗം മുഖ്യമന്ത്രിയേയും എല്‍ ഡി എഫ് നേതൃത്വത്തേയും അറിയിച്ച് സത്യപ്രതിജ്ഞയിലേക്ക് പോകണം എന്നാണ് നിലപാട്. തിരിച്ചുവരവിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് നേതൃത്വവും ശശീന്ദ്രനും ആവര്‍ത്തിക്കുന്നതിന് കാരണവും മറ്റൊന്നല്ല. പാര്‍ട്ടിയില്‍ എല്ലാവരുമായും ആലോചിച്ച ശേഷമേ മന്ത്രിപദം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂവെന്നും മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവും പ്രഖ്യാപിക്കുമെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനെ കുറിച്ച് തോമസ് ചാണ്ടിയും ഒപ്പമുള്ളവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തോമസ് ചാണ്ടി ശത്രുവല്ലെന്നും തന്റെ മടങ്ങിവരവ് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്‍ സി പിയിലെ ഭിന്നത മുതലെടുത്ത് മന്ത്രിപദത്തിനായി ശ്രമിച്ച കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇനി ചര്‍ച്ചകള്‍ക്ക് മുതിരാനിടയില്ല. കോവൂര്‍ കുഞ്ഞുമോനും നീക്കത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

 

Latest