Connect with us

Articles

റോഹിംഗ്യന്‍ കുട്ടികള്‍ക്ക് നാട്ടില്‍ പോകേണ്ട

Published

|

Last Updated

സ്വന്തം മണ്ണിലേക്കുള്ള തിരിച്ചു പോക്ക് ആനന്ദദായകമാണ്, അത് സ്വാതന്ത്ര്യത്തിലേക്കും സ്വത്വബോധത്തിലേക്കും സ്വസ്ഥതയിലേക്കുമുള്ള തിരിച്ചു പോക്കാണെങ്കില്‍. ആ യാത്ര ഒടുങ്ങാത്ത സങ്കടങ്ങളെ പിന്തള്ളി സുഖദായകമായൊരു ദീര്‍ഘ നിശ്വാസത്തിലേക്കാണ് ഉണരുന്നതെങ്കില്‍ ഉറക്കമില്ലാത്ത കാളരാത്രികളില്‍ നിന്നുള്ള മോചനത്തിന്റെ സൗന്ദര്യം അതിനുണ്ടാകും. ആ യാത്ര ഇടുക്കത്തില്‍ നിന്ന് തുറസ്സിലേക്കാണെങ്കില്‍ അത്രമേല്‍ ഹൃദയഹാരിയായി മറ്റൊന്നുമില്ല. റോഹിംഗ്യ മുസ്‌ലിംകള്‍ സ്വന്തം മണ്ണിലേക്ക് മടക്ക യാത്രക്കൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈന്യവും ബുദ്ധ തീവ്രവാദികളും കൊന്നു തള്ളിയപ്പോള്‍ ജീവനും കൊണ്ട് കടലിലിറങ്ങിയവരാണ് അവര്‍. നാഫ് നദി നീന്തിക്കടന്നും കരമാര്‍ഗം നടന്നും ബംഗ്ലാദേശിന്റെ ഇത്തിരി സുരക്ഷിതത്വത്തില്‍ എത്തിയതായിരുന്നു അവര്‍. അഭയാര്‍ഥി ക്യാമ്പില്‍ അവര്‍ക്ക് എന്തെല്ലാം കുറവുകളുണ്ടെങ്കിലും സുരക്ഷിതരായിരുന്നു. ക്യാമ്പുകള്‍ നടത്തിക്കൊണ്ടു പോകുക ബുദ്ധിമുട്ടായപ്പോള്‍ ബംഗ്ലാദേശ് അധികാരികള്‍ മ്യാന്‍മറുമായി ചര്‍ച്ച നടത്തി ഘട്ടം ഘട്ടമായി തിരിച്ചയക്കാനുള്ള ധാരണയിലെത്തിയിരിക്കുകയാണ്. സ്വന്തം മണ്ണിലേക്കുള്ള മടക്കയാത്ര പക്ഷേ, റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് ഒട്ടും ആനന്ദകരമല്ല. ഒടുങ്ങാത്ത ഭയത്തിലേക്കാണ് അവര്‍ ചെല്ലുന്നത്. അരക്ഷിതാവസ്ഥക്ക് ഒരു മാറ്റവും അവിടെ വന്നിട്ടില്ല. റാഖിനെ പ്രവിശ്യയിലെ മതവൈരത്തിന് അറുതിയായിട്ടില്ലെന്ന് എല്ലാ അന്താരാഷ്ട്ര ഏജന്‍സികളും ഒരു പോലെ വ്യക്തമാക്കുന്നു. വര്‍ഗീയവത്കരിക്കപ്പെട്ട സൈന്യമോ ഭൂരിപക്ഷ യുക്തി മാത്രം തലയില്‍ കയറുന്ന ഭരണകൂടമോ കുടില നിലപാടില്‍ ഒരു പരിവര്‍ത്തനവും പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിന് മുന്നില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനായി നടത്തുന്ന ശ്രമത്തിന്റെ ഫലമായി മുകള്‍ത്തട്ടിലുണ്ടായ ഒന്നാണ് ഈ തിരിച്ചയക്കല്‍ കരാര്‍. നവംബര്‍ 23ന് ഒപ്പുവെച്ച കരാര്‍ പ്രകാരം ജനുവരി തുടക്കത്തില്‍ തിരിച്ചയക്കല്‍ തുടങ്ങേണ്ടതാണ്. എന്നാല്‍ പല കോണില്‍ നിന്നുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പറിച്ചു മാറ്റല്‍ വൈകിപ്പിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍.

പിള്ള മനസ്സില്‍ കള്ളമില്ല. വരയിലും വരിയിലും കളികളിലും കുട്ടികളുടെ മനസ്സ് പ്രകാശിക്കും. ബംഗ്ലാദേശില്‍ ക്യാമ്പില്‍ നിന്നുള്ള ഇത്തരം പ്രകാശങ്ങള്‍ നിരവധി വാര്‍ത്താ ഏജന്‍സികള്‍ ഒപ്പിയെടുത്തിരുന്നു. ക്യാമ്പിലെത്തിയ ആദ്യ നാളുകളില്‍ കുട്ടികള്‍ വരച്ചിരുന്നത് കൂരയെ തീ വിഴുങ്ങുന്നതും കത്തിയുയര്‍ത്തിപ്പിടിച്ച രാക്ഷസന്‍മാരെയുമായിരുന്നു. അവര്‍ രാത്രിയില്‍ പേടിച്ച് നിലവിളിച്ചു. ചിരിക്കാന്‍ പാടുപെട്ടു. പിന്നെപ്പിന്നെ അവര്‍ പൂക്കളെയും കിളികളെയും കുന്നുകള്‍ക്കിടയില്‍ നിന്ന് ഉദിച്ചുയരുന്ന സൂര്യനെയും വരക്കാന്‍ തുടങ്ങി. ആദ്യമാദ്യം അവര്‍ കളിച്ച കളിയിലെല്ലാം തോക്കുണ്ടായിരുന്നു. തീയുണ്ടായിരുന്നു. ആക്രോശമുണ്ടായിരുന്നു. പിന്നെ, എപ്പോഴോ അവര്‍ അവരുടെ നാട്ടില്‍ കളിച്ച നാടന്‍ കളികളിലേക്ക് തിരിച്ചെത്തി.

ദിവസങ്ങളെടുത്ത് ക്യാമ്പുകള്‍ സന്ദര്‍ശിച്ച യുനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത്ത് പറയുന്നത് “തിരിച്ചു പോകാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ലെ” ന്നാണ്. സ്വന്തം നാടിനെ അവര്‍ അത്രമേല്‍ പേടിക്കുന്നു. “എന്റെ കൂട്ടുകാരെ സൈന്യം കൊന്നുതള്ളി. ഞങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടുകാരെ അവര്‍ പിടികൂടി. എല്ലായിടത്തും മൃതദേഹമായിരുന്നു” – തട്ടം കൊണ്ട് കണ്ണീര്‍ തുടച്ച്് 12കാരിയായ സാദിയ പറഞ്ഞു. തിരിച്ചു ചെന്നാല്‍ ഞങ്ങളെയെല്ലാം അവര്‍ കൊല്ലും. എന്നെങ്കിലും തിരിച്ചു പോകാനാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് തിരിച്ചു പോകേണ്ട”- അവള്‍ വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ബംഗ്ലാദേശിലേക്ക് അഭയം തേടിയെത്തിയ 6,90,000ത്തോളം വരുന്ന റോഹിംഗ്യകളില്‍ ഒരാളാണ് സാദിയ. അഭയാര്‍ഥികളായി എത്തിയവരില്‍ മൂന്നില്‍ രണ്ടും കുട്ടികളാണ്. പിതാവിനെ ബുദ്ധ അക്രമി സംഘം തീയിട്ടു കൊല്ലുന്നത് നേരില്‍ കണ്ട പത്തു വയസ്സുകാരന്‍ മുഹമ്മദ് സുബൈറും പറയുന്നത് തിരിച്ചു പോകാന്‍ ഭയമാണെന്നാണ്. ഇവിടെ കാലാകാലവും കഴിയാനാണ് തോന്നുന്നത്. അവിടെ ഞങ്ങളുടെ സ്‌കൂള്‍ കത്തിച്ചാമ്പലായിരിക്കുന്നു. ഇവിടെയാണെങ്കില്‍ സ്‌കൂളില്‍ പോകാമല്ലോ.

ഗുരുതരമായ മാനസിക പ്രശ്‌നങ്ങളാണ് റോഹിംഗ്യന്‍ കുട്ടികള്‍ അനുഭവിക്കുന്നതെന്ന് യൂനിസെഫ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബലാത്സംഗവും പീഡനവും അരുംകൊലയും കൊള്ളയും നേരില്‍ കണ്ട കുട്ടികള്‍ അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകുന്നില്ല. ഉറക്കത്തില്‍ പേടിച്ച് മൂത്രമൊഴിക്കുന്നു. അവര്‍ ഉണര്‍വില്‍ പോലും പിച്ചും പേയും പറയുന്നു. എപ്പാഴും വിഷാദമൂകരായിരിക്കുന്നു. 1,70,000 കുട്ടികള്‍ ഇത്തരത്തില്‍ മെന്റല്‍ ട്രോമാ അനുഭവിക്കുന്നുവെന്നാണ് യു എന്‍ കണക്ക്. പുതിയ ജീവിതത്തില്‍ ഈ കുട്ടികള്‍ മാനസിക നില വീണ്ടെടുക്കുകയായിരുന്നുവെന്നും തിരിച്ചയക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അവരെ ക്യാമ്പിലെത്തി ചികിത്സിച്ച മനഃശ്ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, സ്വന്തം നാട്ടിലേക്ക് പോകാന്‍ പറയുമ്പോള്‍ മുതിര്‍ന്നവര്‍ എങ്ങനെ വേണ്ടെന്നു പറയും? ചരിത്രത്തില്‍ വേരാഴ്ത്തി നില്‍ക്കുന്ന അവകാശം സമ്പൂര്‍ണമായി നഷ്ടപ്പെടാതിരിക്കാന്‍ തിരിച്ചു പോക്ക് അനിവാര്യമല്ലേ? തീരുമാനമെടുക്കാനാകാതെ അവര്‍ കുഴങ്ങുന്നു.

ഫാസിസം അങ്ങനെയാണ്. അത് എപ്പോഴും നിഗ്രാഹാത്മകമായിക്കൊള്ളണമെന്നില്ല. എന്നാല്‍ കൂട്ടക്കൊലകള്‍ ഭയമുത്പാദനമെന്ന ദൗത്യം ദീര്‍ഘകാലം നിര്‍വഹിച്ചു കൊണ്ടിരിക്കും. ഗുജറാത്തിലെ മുസ്‌ലിംകളില്‍ ചിലരെങ്കിലും ഇന്നും ബി ജെ പിക്ക് വോട്ട് ചെയ്യുന്നത് വംശഹത്യയുടെ നാളുകള്‍ ഉത്പാദിപ്പിച്ച ഭയത്തില്‍ നിന്നാണല്ലോ. ഭയത്തിന്റെ തോത് മങ്ങി മങ്ങി മറവി വന്ന് മൂടുമ്പോള്‍ കൂട്ടക്കൊലയുടെ അടുത്ത വട്ടം തുടങ്ങും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ആട്ടിയോടിക്കലുകള്‍ക്കെല്ലാം കൃത്യമായ ഇടവേള കാണാനാകും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം എത്രമാത്രം വംശഹത്യാപരമാണ് എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യുന്ന നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അവയില്‍ ഏറ്റവും ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്നത് ലണ്ടന്‍ ക്യൂന്‍ മേരി സര്‍വകലാശാലയുടെ ഭാഗമായുള്ള ഇന്റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റീവ് (ഐ എസ് സി ഐ)നടത്തിയിട്ടുള്ളതാണ്. പ്രമുഖ ജെനോസൈഡ് ഗവേഷകന്‍ ഡാനിയല്‍ ഫിയര്‍സ്റ്റീന്‍ 2014ല്‍ മുന്നോട്ട് വെച്ച വംശഹത്യയുടെ സാമൂഹിക പ്രയോഗം എന്ന ആശയത്തെ ആധാരമാക്കിയാണ് ഐ എസ് സി ഐയുടെ പഠനമെന്നത് അതിനെ സവിശേഷമാക്കി മാറ്റുന്നു. ~ഒരു സമൂഹത്തെ അപ്പടി ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമെന്ന നിലയില്‍ വംശഹത്യക്ക് ആറ് ഘട്ടങ്ങള്‍ ഉണ്ടെന്ന് ഫിയര്‍സ്റ്റീന്‍ വിശദീകരിക്കുന്നു.

വെറുപ്പു സൃഷ്ടിക്കലും മനുഷ്യരേയല്ലെന്ന് ചിത്രീകരിക്കലുമാണ് ഒന്നാം ഘട്ടം. പല കോണില്‍ നിന്ന് ഒരു സമൂഹത്തെ ഉന്നം വെച്ചുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നതാണ് ഇത്. സാമൂഹിക സാഹചര്യത്തില്‍ പൊറുപ്പിക്കാനാകാത്തവിധം ഈ സമൂഹത്തിന് നേരെ വെറുപ്പ് പടര്‍ത്തുകയാണ് ചെയ്യുക. നാല് പതിറ്റാണ്ടായി റോഹിംഗ്യാ മുസ്‌ലിംകളെ ദേശവിരുദ്ധരും ഇരുണ്ട അപരത്വവുമായി മുദ്ര കുത്താനുള്ള സംഘടിതമായ നീക്കങ്ങള്‍ നടക്കുകയാണ്. 1982ലെ പൗരത്വ നിയമം ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണ്. ബുദ്ധ ഭിക്ഷു വേഷധാരിയായ ഭീകരവാദി അഷിന്‍ വിരാതുവിന്റെ രംഗപ്രവേശവും പ്രസംഗങ്ങളും ഈ അപരവത്കരണത്തില്‍ പ്രധാന പങ്കു വഹിച്ചു. പീഡനവും അക്രമവും ഭീകരതയുമാണ് രണ്ടാം ഘട്ടം. റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തിന്റെ ഇടവേളകള്‍ കുറഞ്ഞ് വരികയാണ്. 2012ലെ അതിക്രമത്തിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പ് നിരവധി കലാപങ്ങള്‍ അരങ്ങേറി. അവയില്‍ പലതിലും സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം ഉണ്ടായിരുന്നതായി സ്വതന്ത്ര അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 മാര്‍ച്ചില്‍ സന്നദ്ധ സംഘടനയുടെ സിത്‌വേയിലെ ഓഫീസ് ആക്രമിച്ചു. മുസ്‌ലിംകളെ സഹായിക്കുന്നവരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2016ലും 2017ലും കൂട്ടക്കൊല നടന്നു.

ഒറ്റപ്പെടുത്തലിന്റെയും അകറ്റിനിര്‍ത്തലിന്റെയും മൂന്നാം ഘട്ടം രാജ്യത്തിനകത്ത് തന്നെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഉണ്ടാക്കിയും പുറം രാജ്യങ്ങളിലേക്ക് ആട്ടിപ്പായിച്ചുമാണ് നടപ്പാക്കിയത്. ക്രമാനുഗതമായ ക്ഷയിപ്പിക്കലാണ് അടുത്ത ഘട്ടം. വംശഹത്യക്ക് വിധേയമാകുന്ന സമൂഹത്തിന്റെ വരും തലമുറയെക്കൂടി ദുര്‍ബലരാക്കുന്ന അങ്ങേയറ്റം അപകടകരമായ ഘട്ടമാണിത്. പോഷകാഹാര കുറവ് കുട്ടികളെ തളര്‍ത്തും. ഈ സമൂഹം ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി അകലും. അതോടെ എവിടെ നിന്നോ വരുമെന്ന് പറയപ്പെടുന്ന സഹായത്തിനായി കൈനീട്ടുന്നവരായി അവര്‍ മാറും. പകര്‍ച്ചവ്യാധികളും അകാല മരണങ്ങളും അവരെ വേട്ടയാടും. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഓരോ റോഹിംഗ്യന്‍ ശരീരവും ഈ വസ്തുതയുടെ ജീവിക്കുന്ന തെളിവാണ്.

കൂട്ട ഉന്‍മൂലനമെന്ന അഞ്ചാം ഘട്ടത്തിലാണ് മ്യാന്‍മര്‍ ഇപ്പോഴുള്ളത്. സമാധാന നൊബേല്‍ നേടിയ ആംഗ്‌സാന്‍ സൂകിയാണത്രേ മ്യാന്‍മര്‍ ഭരിക്കുന്നത്. യഥാര്‍ഥത്തില്‍ റാഖിനെ പ്രവിശ്യയില്‍ ഭരിക്കുന്നത് ഭയമാണ്. അതുകൊണ്ടാണ് ഈ മനുഷ്യര്‍ അങ്ങോട്ട് പോകേണ്ടെന്ന് വേദനയോടെ പറയുന്നത്. ചരിത്രത്തില്‍ നിന്നുള്ള ഉന്‍മൂലനമെന്ന ആത്യന്തിക ഘട്ടത്തിലേക്കാണ് ബുദ്ധ ഭീകരര്‍ ഈ മനുഷ്യരെ നയിക്കുന്നത്. വംശഹത്യക്ക് വിധേയമായ സമൂഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കാനുള്ള സാധ്യതകളെക്കൂടി അവസാനിപ്പിക്കുകയാണ് ഈ ഘട്ടത്തില്‍ സംഭവിക്കുക.

 

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest