Connect with us

Editorial

സാക്ഷികളുടെ കൂറുമാറ്റം

Published

|

Last Updated

സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ വിവരം പുറംലോകം അറിയുന്നത് ഏറെ വൈകിയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോടതി വിസ്തരിച്ച 40 സാക്ഷികളില്‍ 27 സാക്ഷികളും കോടതികളില്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രാമധ്യേയാണ് സായുധ പോലീസ് സംഘം സുഹ്‌റാബുദ്ദീനെ ബസില്‍ നിന്ന് പിടികൂടുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരമാണ് പിന്നീട് കേട്ടത്. സംഭവത്തിലെ രണ്ടേ രണ്ട് ദൃക്‌സാക്ഷികളായിരുന്ന കൗസര്‍ബി, പ്രജാപതി എന്നിവരും പിന്നീട് കൊല്ലപ്പെട്ടു. കേസിലെ 40 സാക്ഷികളും നേരത്തെ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നതാണ്. കോടതിയിലെത്തിയപ്പോള്‍ ഇവരിലേറെയും മൊഴിമാറ്റി. ബസില്‍ നിന്ന് സുഹ്‌റാബുദ്ദീനെ പൊലീസ് പിടിക്കുന്നത് കണ്ടെന്ന് തറപ്പിച്ചു പറഞ്ഞ ഡ്രൈവറും ക്ലീനറും അത്തരമൊരു സംഭവം തങ്ങള്‍ അറിഞ്ഞതേയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. സുഹ്‌റാബുദ്ദീനെ കൊന്ന പോലീസ് സംഘത്തെ അനുഗമിച്ചിരുന്നുവെന്ന് മൊഴി നല്‍കിയ കോണ്‍സ്റ്റബിളും മൊഴി മാറ്റി. പ്രതിപ്പട്ടികയിലുള്ള പോലീസുകാരെ തിരിച്ചറിഞ്ഞ മറ്റു പല സാക്ഷികളും ഇപ്പോള്‍ അവരെ അറിയില്ലെന്നാണ് പറയുന്നത്.

ഈ കേസ് സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊതുസമൂഹം കൂട്ട കൂറുമാറ്റം അറിയാതെ പോയത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൂര്‍ണമായും വിലക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജസ്്റ്റിസ് എസ് ജെ ശര്‍മ അപ്പടി അംഗീകരിക്കുകയായിരുന്നു. വാര്‍ത്ത നല്‍കുന്നത് കുറ്റാരോപിതര്‍ക്കും സാക്ഷികള്‍ക്കും വാദികള്‍ക്കും പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്കും സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലക്കിന് കോടതി പറഞ്ഞ ന്യായം. വാര്‍ത്തകള്‍ പുറത്തു വിടാതിരിക്കുന്നത് പൊതുജന താത്പര്യത്തിന് വിരുദ്ധമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ബോധിപ്പിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. നാല് ദിവസം മുമ്പ് ബോംബെ ഹൈക്കോടതിയാണ് സി ബി ഐ കോടതിയുടെ ഈ വിലക്ക് നീക്കിയത്.

കേസുകള്‍ കോടതിയില്‍ വിചാരണക്കെടുക്കുമ്പോള്‍ സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി മൊഴി നല്‍കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഉന്നതരും രാഷ്ട്രീയ മേലാളന്മാരും സംഘ് പരിവാര്‍ നേതാക്കളും പ്രതികളാകുന്ന കേസുകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. സംഝോത, മലേഗാവ് തുടങ്ങിയ ഹിന്ദുത്വ ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങള്‍, 2ജി സ്‌പെക്ട്രം, ടി പി വധം തുടങ്ങിയ പ്രമാദമായ കേസുകളില്‍ സാക്ഷികളുടെ കൂറുമാറ്റം കണ്ട് നീതിന്യായ വ്യവസ്ഥ പകച്ചു പോയതാണ്. 2ജി സ്‌പെക്ട്രം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനില്‍ അംബാനിയോട് താന്‍ ചെയര്‍മാനായ കമ്പനിയില്‍ തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം താന്‍ ഒപ്പിട്ടു നടത്തിയ നിയമവിരുദ്ധ കൈമാറ്റങ്ങളെക്കുറിച്ചു കോടതി ആരാഞ്ഞപ്പോള്‍ ഒന്നും ഓര്‍മയില്ലെന്നാണ് പറഞ്ഞത്. എന്തൊരു വിരോധാഭാസം! ഈ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി അംബാനിയെ സി ബി ഐ ഉള്‍പ്പെടുത്തിയത് തന്നെ കേസ് അട്ടിമറിക്കാനാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്.

എന്‍ ഐ എ നടത്തിയ വിപുലമായ അന്വേഷണത്തില്‍ സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സ്വാമി അസീമാനന്ദയാണെന്നു കണ്ടെത്തിയതാണ്. എന്നാല്‍ അസീമാനന്ദയുടെ പങ്കു സ്ഥീരികരിച്ച പല സാക്ഷികളും കോടതിയില്‍ പറഞ്ഞതു ഒരു യജ്ഞത്തില്‍ വെച്ചു സ്വാമിയെ കണ്ടിട്ടുണ്ടെന്നതില്‍ കവിഞ്ഞ് അയാളുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു. ഒരു മനുഷ്യനെ പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കേ കാര്‍ കയറ്റി കൊന്ന ചന്ദ്രബോസ് കൊലക്കേസിലും സാക്ഷി കോടതിയില്‍ മൊഴി മാറ്റിപറഞ്ഞു. ഇതാണ് കോടതികളിലെ സാക്ഷിമൊഴികളുടെ സ്ഥിതി.

പരസ്യമായി നടന്ന കൊലപാതകമായാലും സാക്ഷികളും പ്രാഥമിക തെളിവുകളും ഇല്ലാതെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കേസ് നിലനില്‍ക്കാന്‍ പ്രയാസമാണ്. എല്ലാ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്കും രേഖാ മൂലമുള്ള തെളിവുകള്‍ക്കും ഇവിടെ സാക്ഷിമൊഴിക്ക് പിന്നിലാണ് സ്ഥാനം. കൂടാതെ ഒരു സാക്ഷിക്ക് നേരത്തെ പോലീസിലും മറ്റും നല്‍കിയ മൊഴി വിചാരണാവേളയില്‍ മാറ്റാനും നിയമം പരോക്ഷമായി അനുവാദം നല്‍കുന്നുണ്ട്. കൂറുമാറിയ സാക്ഷിയെ ശിക്ഷിക്കാന്‍ നിയമമില്ല. ഭീഷണിപ്പെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ സാക്ഷികളെ പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ ഇത് അവസമൊരുക്കുന്നു. അതിന് വിസമ്മതിക്കുന്നവരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ വരെ മടിക്കാത്തവരാണ് സംഘ് പരിവാര്‍ സംഘടനകളെന്ന് ഇതിനകം ബോധ്യമായതാണ്. കൂറുമാറ്റം നടന്നാല്‍ അതിന് പിന്നിലെ ചേതോവികാരമെന്തെന്ന് സമഗ്രാന്വേഷണത്തിലൂടെ കണ്ടെത്തി, പ്രീണനമോ ഭീഷണിയോ ഉണ്ടെന്ന് തെളിഞ്ഞാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്തിടത്തോളം കാലം, ഫാസിസ്റ്റ്, സ്വാധീന ശക്തികള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കാനേ ഇന്ത്യന്‍ നീതിവ്യവസ്ഥക്ക് കഴിയുകയുള്ളൂ.

Latest