കോഴിക്കോട് വോളി ആരവത്തിലേക്ക്‌

കോഴിക്കോട്
Posted on: January 28, 2018 3:06 pm | Last updated: January 28, 2018 at 3:06 pm
SHARE

കോഴിക്കോട് ഇനി വോളിബോള്‍ ആരവത്തിലേക്ക്. 17 വര്‍ഷത്തിന് ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സീനിയര്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങി. അടുത്തമാസം 21 മുതല്‍ 28 വരെയായി വി കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വപ്ന നഗരയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 58 (പുരുഷ 28, വനിത 25) ടീമുകള്‍ 66-ാമത് ദേശീയ വോളിയില്‍ മാറ്റുരക്കും.

നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ച് ലീഗ് കം നോക്കൊട്ട് അടിസ്ഥാനത്തിലായാണ് ഇരു വിഭാഗത്തിലും മത്സരം നടക്കുക. ലീഗ് മത്സരത്തിന് ശേഷം എട്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. ഓരോ ഗ്രൂപ്പിലും ആദ്യ സ്ഥാനത്തെത്തുന്ന ആറ് ടീമുകള്‍ നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടാമതെത്തിയവര്‍ തമ്മിലുള്ള പ്ലേഓഫ് മത്സരത്തിലൂടെയാണ് മറ്റ് രണ്ട് ടീമുകളെ കണ്ടെത്തുക. പുരുഷ വിഭാഗത്തില്‍ കേരള, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, റെയില്‍വേസ്, തമിഴ്‌നാട്, സര്‍വ്വീസസ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, പോണ്ടിച്ചേരി, അസം, ഡല്‍ഹി, കര്‍ണാടക, ചത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, ബീഹാര്‍, തെലുങ്കാന, ഉത്തരാഖഢ്, ജാര്‍ഖഢ്, ബംഗാള്‍, ഗോവ ടീമുകളാണ് പങ്കെടുക്കുന്നത്.

വനിതാ വിഭാഗത്തില്‍ റെയില്‍വേസ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, കേരള, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന, പഞ്ചാബ്, കര്‍ണാടക, പോണ്ടിച്ചേരി, ബീഹാര്‍, ചത്തീസ്ഗഢ്, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖഢ്, രാജസ്ഥാനല്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഢ്, ജമ്മുകാശ്മീര്‍ ടീമുകളാണ് മാറ്റുരക്കുന്നത്.പുരുഷ വിഭാഗത്തില്‍ പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുക. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളമുള്ളത്. ദേശീയ വോളിയിലെ എക്കാലത്തെയും മികച്ച ടീമുകളിലെന്നായാണ് ആതിഥേയരായ കേരളം അറിയപ്പെടുന്നത്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് കേരളം. നിരവധി തവണ കലാശ പോര് കളിച്ച കേരളം 1997ലാണ് ആദ്യമായി ചാമ്പ്യന്‍മാരാകുന്നത്. വിശാഖപട്ടണത്തുവെച്ച് ബി അനിലിന്റെ നേതൃത്വത്തിലായിരുന്നു അത്. തുടര്‍ന്ന് 2001, 2013, 2016- 17 ലും കിരീടത്തില്‍ മുത്തമിട്ടു.

ഇത് നാലാം തവണായാണ് കോഴിക്കോട് ദേശീയ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1980-81 ലാണ് കോഴിക്കോട് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. അന്ന് കേരളം റെയില്‍വേസിനോട് തോറ്റ് പ്രാഥമിക റൗണ്ടില്‍ പുറത്തായി. 1991ല്‍ മാനാഞ്ചിറയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം സെമിയില്‍ തമിഴ്‌നാടിനോട് തോറ്റു. എന്നാല്‍ 2001ല്‍ കേരളം കിരീടം ചൂടി. ബിജു വി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിരീടത്തില്‍ മുത്തമിട്ടത്. അടുത്തമാസം 20ന് വൈകിട്ട് നാലിന് കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുക. മാര്‍ച്ച് 11ന് നടക്കുന്ന ഫെഡറേഷന്‍ കപ്പിലേക്കുള്ള യോഗ്യത മത്സരവും കൂടിയാണ് ഇത്തവണത്തെ ദേശീയ ലീഗ് ചാമ്പ്യന്‍ഷിപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here