Connect with us

International

ട്രംപിന്റെ എയര്‍ക്രാഫ്റ്റില്‍ 152 കോടിയുടെ റെഫ്രിജറേറ്റര്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തില്‍ (യു എസ് എയര്‍ഫോഴ്‌സ് വണ്‍) പുതിയ റെഫ്രിജറേറ്റര്‍ സ്ഥാപിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ബോയിംഗുമായി ഉണ്ടാക്കിയ കരാര്‍ തുക കേട്ടാല്‍ ഞെട്ടും. റെഫ്രിജറേറ്റര്‍ ഒന്നിന് വില കണക്കാക്കിയിരിക്കുന്നത് 24 ദശലക്ഷം യു എസ് ഡോളറാണ്. അത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 152.6 കോടി വരും.

ഇത്തരത്തില്‍ രണ്ട് വിമാനങ്ങളിലെ റെഫ്രിജറേറ്ററുകള്‍ മാറ്റാനാണ് കരാര്‍. ട്രംപ് ഉപയോഗിക്കുന്ന അഞ്ച് എയര്‍ക്രാഫ്റ്റുകളില്‍ രണ്ടെണ്ണത്തിലെ കോള്‍ഡ് ചില്ലര്‍ യൂനിറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഡിസംബറിലാണ് ബോയിംഗുമായി കരാര്‍ ഉണ്ടാക്കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ എയര്‍ക്രാഫ്റ്റില്‍ 3,000 യൂനിറ്റ് ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള ശേഷി വേണ്ടതുണ്ടെന്നും ഇതില്ലാത്തതിനാലാണ് രണ്ടെണ്ണത്തിലെ റെഫ്രിജറേറ്ററുകള്‍ മാറ്റുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. 1990ല്‍ ബോയിംഗ് കമ്പനി എയര്‍ ഫോഴ്‌സിന് വിമാനം കൈമാറിയപ്പോള്‍ മുതല്‍ ഉള്ളതാണ് നിലവിലെ റഫ്രിജറേറ്ററുകള്‍.

കഴിഞ്ഞ വര്‍ഷം അധികാരമേറുന്നതിന് തൊട്ട് മുമ്പ് ട്രംപ് നടത്തിയ ട്വീറ്റില്‍, യു എസ് എയര്‍ക്രാഫ്റ്റ് വണ്ണിന്റെ സാമ്പത്തിക ധൂര്‍ത്തിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിരുന്നു. സാമ്പത്തിക ധൂര്‍ത്ത് കണക്കാക്കുന്ന ഉത്തരവുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാരത്തിലേറി ഒരു വര്‍ഷം തികയുമ്പോള്‍ ഇതേ ആവശ്യത്തിന് വേണ്ടി വന്‍ കരാറില്‍ ഏര്‍പ്പെടുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
വിമാനത്തിലെ ചില ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ മാറ്റേണ്ടത് ആവശ്യമാണെന്നും അടുത്ത വര്‍ഷം ഒക്‌ടോബറോടെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും വ്യോമസേനാ വക്താവ് ആന്‍ സ്റ്റെഫാനെക് പറഞ്ഞു. എയര്‍ക്രാഫ്റ്റിന്റെ പ്രത്യേകത കൊണ്ടല്ല, സൈനിക ആവശ്യങ്ങള്‍ കാരണമാണ് റെഫ്രിജറേറ്റര്‍ മാറ്റാന്‍ ഇത്രയും ഭീമമായ തുക വേണ്ടിവരുന്നതെന്ന് ഡിഫന്‍സ് കണ്‍സള്‍ട്ടിംഗ് ഏജന്‍സി വക്താവ് വ്യക്തമാക്കി.

 

Latest