Connect with us

Kerala

സിജി തോമസ് വധക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ 29ന്

Published

|

Last Updated

മഞ്ചേരി: ഡ്രൈവറെ കഴുത്തില്‍ തോര്‍ത്തു മുണ്ടു മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയില്‍ ഉപേക്ഷിക്കുകയും ലോറി കവരുകയും ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ വരയനാട്ട് ജെറിന്‍ മാത്യു എന്ന ജോബി (36), ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി നിരപ്പയില്‍ അരുണ്‍ ഫിലിപ് (28) എന്നിവരാണ് പ്രതികള്‍. ശിക്ഷ ഈ മാസം 29ന് ജില്ലാ ജഡ്ജി എ വി നാരായണന്‍ വിധിക്കും. 2015 സെപ്തംബര്‍ ഏഴിനാണ് സംഭവം.

ലോറി ഡ്രൈവര്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തന്‍പറമ്പില്‍ സിജി തോമസ് (45) ആണ് കൊല്ലപ്പെട്ടത്. എറണാകുളത്ത് നിന്ന് ഹോര്‍ളിക്‌സ് ലോഡുമായി കോഴിക്കോടെത്തിയതായിരുന്നു സിജി തോമസ്. എറണാകുളത്തേക്ക് മടക്ക ലോഡുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികള്‍ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചു വരുത്തി ലോറിയില്‍ കിനാലൂര്‍ എസ്റ്റേറ്റ് മുക്കിലെത്തുകയും മദ്യത്തില്‍ മയക്കു മരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. താമരശ്ശേരി ചുരത്തില്‍ തകരപ്പാടി ഒമ്പതാം വളവില്‍ നിന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് കേസ്.

സിജി തോമസിന്റെ സഹോദരീ ഭര്‍ത്താവായ തിരുവമ്പാടി ഓണാട്ട് റോയിയുടെ പരാതിയില്‍ 2015 സെപ്തംബര്‍ 14ന് ഒന്നാം പ്രതിയെയും 20ന് രണ്ടാം പ്രതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊണ്ടോട്ടി സി ഐ. ബി അനില്‍ അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിര്‍ണ്ണായകമായേക്കും.

Latest