Connect with us

Kerala

എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബൈ കോടതി

Published

|

Last Updated

തിരുവനന്തപുരം: ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബൈ കോടതി. ഉടന്‍ അറസ്റ്റ് ചെയ്ത് ദുബൈയില്‍ എത്തിക്കാനാണ് കോടതിയുടെ ഉത്തരവ്. 2017 മെയ് 25ലെ കോടതി വിധിയുടെ തുടര്‍ച്ചയായാണ് അറസ്റ്റ് വാറണ്ട്.

ദുബായ് കമ്പനിയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട്ണര്‍ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം വാങ്ങി നല്‍കിയത്.

ശ്രീജിത്തിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ശ്രമം തുടങ്ങി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്. ശ്രീജിത്ത് നല്‍കിയ 11 കോടിയുടെ ചെക്ക് ദുബായില്‍ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി. ഈ കേസില്‍ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു.

അതേസമയം തട്ടിപ്പു കേസില്‍ മകന്‍ ശ്രീജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെയെന്ന് ചവറ എംഎല്‍എ വിജയന്‍പിളള പറഞ്ഞു. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഇടപെടേണ്ട എന്നാണ്പറഞ്ഞതെന്നും രാകുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരു തവണ തന്നെ വന്നു കണ്ടിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

അതേസമയം, മകന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളെ മോശമായല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും വിജയന്‍പിളള കൂട്ടിച്ചേര്‍ത്തു.