സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; പോലീസുമായി തര്‍ക്കിച്ച യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: January 26, 2018 9:17 am | Last updated: January 26, 2018 at 10:18 am
SHARE

ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ട്രാഫിക് പോലീസിലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു.

തമിഴ്‌നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ മണികണ്ഠന്‍ (21) ആണ് പോലീസ് അധിക്ഷേപത്തിന് പിന്നാലെ പൊതുനിരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ശരീരത്തില്‍ 59 ശതമാനം പൊള്ളലേറ്റ മണികണ്ഠന്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ മണികണ്ഠന്റെ വാഹനം തടഞ്ഞ പോലീസ് താക്കീത് നല്‍കി പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് മണികണ്ഠനും പോലീസ് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായി.പോലീസ് തന്നെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദിച്ചുവെന്നും ലൈസന്‍സ് പിടിച്ചുവാങ്ങിയെന്നും യുവാവ് ആരോപിച്ചു. വാക്ക് തര്‍ക്കത്തിനിടെ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നു. പോലീസ് അക്രമത്തിന്റെ വീഡിയോ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ വെല്ലുവിളിച്ചതായും വാട്‌സാപ്പ് വീഡിയോയില്‍ മണികണ്ഠന്‍ പറയുന്നുണ്ട്.
വാട്‌സാപ്പ് വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ മണികണ്ഠന്‍ കാറില്‍ സൂക്ഷിച്ച പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠനെ കില്‍പൗക്കിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘ഒരു സംഘം ഡോക്ടര്‍മാര്‍ മണികണ്ഠന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. യുവാവ് ഐ സി യുവിലാണ് ഉള്ളത്’ – മെഡിക്കല്‍ കോളജ് ആശുപത്രി ഡീന്‍ ഡോ. പി വസന്തമണി പറഞ്ഞു.