Connect with us

National

വിമാന കമ്പനികളെ മാതൃകയാക്കി റെയില്‍വേയും; നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കിലെ ഇളവിന് സമാനമായി ട്രെയിന്‍ ടിക്കറ്റ് നിരക്കിലും ഇളവ് കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. വിമാനയാത്രക്ക് നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നത് പോലെ ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കാനാണ് റെയില്‍വേ പദ്ധതി തയ്യാറാക്കുന്നത്. ഈ പദ്ധതിയനുസരിച്ച്, യാത്ര മുന്‍കൂട്ടി നിശ്ചയിച്ച് യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്കില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ റെയില്‍വേ പുറത്തുവിട്ടിട്ടില്ല.

ട്രെയിനിലെ യാത്രാ സീറ്റുകളുടെ ഒഴിവനുസരിച്ച് ഗ്രേഡഡ് ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കാമെന്ന് നേരത്തെ റെയില്‍വേ നിയമിച്ച കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്‍ ഐ ടി ഐ ആയോഗ് ഉപദേശകന്‍ രവീന്ദര്‍ ഗോയല്‍, എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മീനാക്ഷി മാലിക് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിലവില്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മികച്ച ഇളവ് നല്‍കാറുണ്ട്. ബുക്ക് ചെയ്യുന്ന സമയത്തെ സീറ്റുകളുടെ ഒഴിവനുസരിച്ച് 20 ശതമാനം മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് വിലയില്‍ ഇളവ് അനുവദിക്കാമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. ഇതുപോലെ, വിമാന കമ്പനികള്‍ ചെയ്യാറുള്ളത് പോലെ സീസണ്‍ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും അല്ലാത്ത സമയങ്ങളില്‍ നിരക്ക് കുറക്കുന്നതിനെ കുറിച്ചും റെയില്‍വേ ആലോചിക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.

Latest