കേന്ദ്രം രാജ്യത്തെ തീക്കളിയിലേക്ക് നയിക്കുന്നു: രാഹുല്‍

Posted on: January 26, 2018 10:30 am | Last updated: January 26, 2018 at 10:12 am
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തി രാജ്യത്തെ തീക്കളിയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും രാഹുല്‍ തുറന്നടിച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പത്മാവത് സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നടന്ന ആക്രമണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരെ നടന്ന ഈ ആക്രമണത്തെ ന്യായീകരിക്കാന്‍ ഒരു കാരണവുമില്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന്റെ ഏറ്റവും വലിയ ഉപകരണങ്ങള്‍ വിദ്വേഷവും സംഘര്‍ഷവുമായിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ തീക്കളിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രം ഇതിലൂടെ ചെയ്യുന്നതെന്നും ബുധനാഴ്ച രാത്രി അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹരിയാന ഉള്‍പ്പെടെ ബി ജെ പി ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും നിയമവ്യവസ്ഥകള്‍ തകര്‍ന്നിരിക്കുന്നു. ഇവിടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങുകയും അക്രമം അഴിച്ചുവിടുകയുമാണ്. ഹരിയാനയില്‍ കുട്ടികളുടെയും നിരപരാധികളായ ആളുകളുടെയും ജീവന്‍ അപകടത്തില്‍പ്പെടുത്തും വിധം അക്രമികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അസ്വീകാര്യവും പ്രതിഷേധാര്‍ഹവുമാണ്. അക്രമത്തെ തുടര്‍ന്ന് കുട്ടികള്‍ ഭയവിഹ്വലരായി കരയുകയായിരുന്നു. ഖട്ടാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിയമവും നീതിയും നടപ്പാക്കുന്നതില്‍ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

പത്മാവത് സിനിമ റിലീസിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണം. സ്‌കൂളിലേക്ക് പോകുകയായിരുന്ന 25ഓളം കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു കൈയേറ്റം. അറുപതിലധികം പ്രതിഷേധക്കാരാണ് ബസിന് നേരെ ആക്രമണമഴിച്ചുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. അക്രമി സംഘം മുളവടികളുമായി ബസ് തടഞ്ഞുനിര്‍ത്തുകയും ഓട്ടം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമെ ബസിന് നേരെ കല്ലേറും നടത്തി. ഈ സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.