Connect with us

Eranakulam

രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം: സന്ദര്‍ശകര്‍ക്ക് നിരോധം ഏര്‍പ്പെടുത്തും

Published

|

Last Updated

കോതമംഗലം: ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം തുടങ്ങി. അടുത്ത മാസം മുതല്‍ രണ്ട് മാസക്കാലത്തേക്ക് സന്ദര്‍ശകര്‍ക്ക് നിരോധനം വരും. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല നായ്‌ക്കൊല്ലിമലയുടെ ഭാഗത്താണ് പുതുതായി പിറന്ന അഞ്ച് വരയാടിന്‍ കുഞ്ഞുങ്ങളെ വനപാലകര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഫെബ്രുവരി മുതല്‍ രണ്ട് മാസക്കാലമാണ് സാധാരണ വരയാടുകളുടെ പ്രജനനകാലം. എന്നാല്‍ ഇത്തവണ നേരത്തെ പ്രജനനകാലം തുടങ്ങിയതായാണ് വനം വന്യജീവി വകുപ്പിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം 94 വരയാടിന്‍ കുഞ്ഞുങ്ങള്‍ രാജമലയില്‍ പിറന്നതായാണ് സര്‍ക്കാര്‍ കണക്ക്. ഒരു സീസണില്‍ പിറക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളില്‍ നാല്‍പത് ശതമാനം മാത്രമാണ് സാഹചര്യങ്ങളെ അതിജീവിച്ചു വളരുന്നത്. ലോകത്ത് തന്നെ അപൂര്‍വമായി കാണപ്പെടുന്ന വരയാടുകള്‍ പശ്ചിമഘട്ട മലനിരകളില്‍പ്പെടുന്ന രാജമലയിലാണ് പ്രധാനമായും കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയിലെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് രാജമലയിലെ വരയാടുകള്‍. വരയാടുകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായതാണ് ഇവിടത്തെ പുല്‍മോടുകള്‍. ഈ പ്രദേശത്തിന്റെ പ്രത്യേകത കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സീസണില്‍ പ്രതിദിനം 25,000 പേര്‍ രാജമലയില്‍ എത്തുന്നുവെന്നാണ് വനം വന്യ ജീവി വകുപ്പിന്റെ കണക്ക്.

രാജമലയിലെ വരയാടുകളെ സംരക്ഷിക്കണമെന്ന് ആദ്യം ചിന്തിച്ചത് സായിപ്പന്‍മാരായിരുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ള രാജമലയില്‍ ലോകത്ത് അപൂര്‍വ കാഴ്ചയായ വരയാടുകള്‍ക്ക് പുറമേ പുള്ളിപ്പുലി, കടുവ, കരടി തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്. ലോകത്ത് അപൂര്‍വമായി കാണുന്ന ഇവിടെത്തെ വരയാടുകളുടെ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ വനം വന്യജീവി വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും ഇവയുടെ സംരക്ഷണത്തിനുള്ള നടപടികള്‍ പോരായെന്ന പരാതിയാണ് വന്യ ജീവി സ്‌നേഹികള്‍ക്കുള്ളത്.