ന്യൂഡല്‍ഹി: സഹപൗരന്റെ അന്തസ്സിനെ മാനിച്ച് അവഹേളനമില്ലാതെ മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പറയാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക. ആഘോഷ, പ്രതിഷേധ വേളകളില്‍ നമ്മുടെ അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാര്‍ക്കുള്ള സ്ഥാനവും സ്വകാര്യതയും അവകാശങ്ങളും മാനിക്കുമ്പോഴുമാണ് ഇത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
റിപ്പബ്ലിക് എന്നാല്‍ അവിടത്തെ ജനങ്ങള്‍ തന്നെയാണ്. രാഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിര്‍ത്തുന്ന സ്തംഭങ്ങളും തന്നെയാണ് പൗരന്മാര്‍.. നമ്മുടെ സാമ്പത്തികഭദ്രത കുറഞ്ഞ സഹോദരീ സഹോദരന്മാര്‍ക്കെല്ലാം അടിസ്ഥാന ആവശ്യങ്ങളും അത്യാവശ്യമായ മാന്യതയും പ്രദാനം ചെയ്യാതെ നമ്മുടെ ജനാധിപത്യ ഭരണത്തിന് വിശ്രമിക്കാനോ സംതൃപ്തി അടയാനോ സാധിക്കില്ലെന്ന് രാഷ്ട്രപതി പറഞ്ഞു.