Connect with us

Editorial

റിപ്പബ്ലിക് ദിനം ഓര്‍മപ്പെടുത്തുന്നത്

Published

|

Last Updated

രാജ്യം 68-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. രാഷ്ട്രത്തിന് പുതിയ ഭരണഘടന നിലവില്‍ വന്നതിന്റ ഓര്‍മ പുതുക്കല്‍. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെയാണ്. വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ രാജ്യത്ത് ഓരോ പൗരനും ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവസരവും അവകാശവും നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഒരുസ്വതന്ത്രപരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത് ഈ പരമോന്നത നിയമസംഹിതയോടാണ്. അതിനെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തോടും ജനങ്ങളോടും വിളിച്ചു പറയുന്നത്.
എന്നാല്‍ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങി ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന മൂല്യങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കയാണ് ഇന്ന്. ആവിഷ്‌കാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭീഷണി നേരിടുന്നു. ദളിതരും മതന്യൂനപക്ഷങ്ങളും നിരന്തരം അക്രമിക്കപ്പെടുകയാണ്. മനുഷ്യാവകാശം നിരന്തരമായി ലംഘിക്കപ്പെടുകയും വര്‍ഗീയ ലഹളകളും കലാപങ്ങളും രാജ്യത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ കലുഷിതമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരം ഭരണകൂടത്തിന്റെ പിന്തുണയോടെ തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഭരണഘടന തന്നെ തിരുത്തിയെഴുതാനുളള തയാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കയാണ് അണിയറയില്‍. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ നാവിലൂടെ തന്നെ ഇക്കാര്യം പുറത്തു വരികയുണ്ടായി.

പൊതുദേശീയതയില്‍ നിന്ന് രാജ്യത്തെ ഹൈന്ദവ ദേശീയതയിലേക്ക് പറിച്ചു നടാനുള്ള നീക്കം സജീവമാണ്. ചരിത്രത്തെ തന്നെ ഈ ലക്ഷ്യത്തില്‍ തിരുത്തിയെഴുതുന്നു. എന്താണ് ദേശീയത, ആരാണ് ദേശസ്‌നേഹി എന്നൊക്കെ തീരുമാനിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും നിരാകരിക്കുന്ന പ്രസ്ഥാനങ്ങളാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം വിഭാവനം ചെയ്യുന്ന നാനാത്വത്തില്‍ ഏകത്വമെന്ന തത്വത്തിലധിഷ്ഠിതമാണ് ഇന്ത്യന്‍ ദേശീയത. വ്യത്യസ്ത ചിന്താധാരകളേയും വിശ്വാസധാരകളേയും ഉള്‍ക്കൊള്ളുന്നതും വിശാലമായ മാനവികതയില്‍ ഊന്നിയതും എല്ലാ ധാരകളേയും ഉള്‍ക്കൊള്ളുന്നതുമാണത്. മത,ജാതി വേര്‍തിരിവില്ലാതെ രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം സ്‌നേഹിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്നവരാണ് ദേശസ്‌നേഹികള്‍. ഈ സന്ദേശമാണ് റിപ്പബ്ലിക് ദിനം നല്‍കുന്നത്.

പാര്‍ലിമെന്റിനെയും നിയമസഭകളെയുമെല്ലാം നോക്കുകുത്തിയാക്കി തീരുമാനമെടുപ്പിക്കാനുള്ള കോര്‍പറേറ്റ് കുത്തകകളുടെ അധികാര, സ്വാധീനശേഷിയാണ് റിപ്പബ്ലിക് ഇന്ത്യ നേരിടുന്ന മറ്റൊരു ഭീഷണി. രാജ്യത്തെ വാണിജ്യ വിപണിയുടെ വാതിലുകള്‍ അവര്‍ക്കായി തുറന്നു കൊടുക്കുന്നു. വായ്പ തിരിച്ചടക്കാന്‍ വഴിയില്ലാതെ സാധാരണക്കാരും കര്‍ഷകരും ബേങ്കുകളുടെ ജപ്തി നടപടികള്‍ക്കിരകളായി ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍, വര്‍ഷാന്തം സഹസ്ര കോടികള്‍ ലാഭം കൊയ്യുന്ന കോര്‍പറേറ്റുകളുടെ വന്‍ കടങ്ങള്‍ എഴുതിത്തള്ളുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില യഥേഷ്ടം വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍വ സ്വാതന്ത്ര്യം നല്‍കുന്നു. അധികാരത്തിലിരിക്കുന്നവര്‍ കോര്‍പറേറ്റ് ഭീമന്മാരുടെ വിനീത ദാസ്യന്മാരുടെ റോളിലേക്ക് തരംതാഴ്ന്നിരിക്കയാണ്. രാജ്യത്തെ ജനകോടികളെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വരെ നിയന്ത്രിക്കാനുള്ള അവകാശം കുത്തക മുതലാളിമാരെ ഏല്‍പ്പിക്കുമ്പോള്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രസക്തി തന്നെയാണ് ഭരണകൂടം ചെദ്യം ചെയ്യുന്നത്. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ ഭരണം”എന്ന സങ്കല്‍പം “കോര്‍പറേറ്റുകള്‍ക്കുവേണ്ടി, കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകളുടെ ഭരണം” എന്ന് തിരുത്തി എഴുതേണ്ട അവസ്ഥയാണ് നിലവില്‍.

രാജ്പഥില്‍ നടക്കുന്ന ആഘോഷങ്ങളിലും പരേഡിലുമല്ല രാജ്യത്തിന്റെ പ്രൗഢിയും കരുത്തും തെളിയിക്കേണ്ടത്. ജനങ്ങളുടെ ജീവിത നിലവാരത്തിലും സന്തുഷ്ടിയിലുമാണ്. ഭരണഘടന രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച ഡോ. ബാബ സാഹേബ് അംബേദ്ക്കരുടെ പിന്മുറക്കാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍, തലസ്ഥാന നഗരിയില്‍ അടക്കം സഹോദരിമാര്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഈ ആഘോഷങ്ങള്‍ക്കെന്തര്‍ഥം? രക്തവും ജീവനും നല്‍കി പൂര്‍വികര്‍ നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനക്ക് രൂപംകൊടുത്ത രാഷ്ട്രശില്‍പികള്‍ സ്വപ്‌നംകണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാറിനും പൗരന്മാര്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഭരണകൂടം ഇക്കാര്യത്തില്‍ വീഴ്ച കാണിക്കുമ്പോള്‍ അവരെ തിരുത്താനുള്ള വിവേകവും തന്റേടവും ജനങ്ങളില്‍ പ്രകടമാകണം. കക്ഷിരാഷ്ട്രീയാന്ധതയില്‍ ഇത് വിസ്മൃതമാകരുത്.