Connect with us

Sports

അണ്ടര്‍-19 ലോകകപ്പ്; പാക്കിസ്ഥാന്‍ സെമിയില്‍

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമിഫൈനല്‍ ഉറപ്പാക്കി. ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് അട്ടിമറിച്ചാണ് പാക്കിസ്ഥാന്റെ സെമിഫൈനല്‍ പ്രവേശം. സെമിയില്‍ ഇന്ത്യയോ ബംഗ്ലാദേശോ ആകും പാക്കിസ്ഥാന്റെ എതിരാളി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. വാന്റിലെ മക്‌വെതു (60), ജേസണ്‍ നീമന്‍ഡ് (36), ജീന്‍ ഡു പ്ലെസിസ് (21) എന്നിവര്‍ക്ക് മാത്രമാണ് മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. 65 പന്തുകളില്‍ നിന്നാണ് മക്‌വെതു 60 റണ്‍സെടുത്തത്. നാല് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ഏഴാം ബാറ്റ്‌സ്മാനായി ഇറങ്ങിയ നീമന്‍സ് സ്‌കോര്‍ 200ലെത്തിക്കാന്‍ പരിശ്രമിച്ചെങ്കിലും റണ്‍ഔട്ടായി. 29 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് മൂസയാണ് ദക്ഷിണാഫ്രിക്കയെ റണ്‍വേട്ടയില്‍ വരിഞ്ഞുമുറുക്കിയത്. 30 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്ത ശഹീന്‍ ഷാ അഫ്രീഡിയും ദക്ഷിണാഫ്രിക്കന്‍ റണ്ണൊഴുക്ക് തടഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അലി സര്‍യബ് പുറത്താകാതെ നേടിയ 74 റണ്‍സാണ് പാക് വിജയം ഉറപ്പിച്ചത്. സര്‍യബിന്റെ രണ്ടാം അര്‍ധശതകമായിരുന്നു ഇത്. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന പ്രതിസന്ധിയിലായിരുന്നു പാക്കിസ്ഥാന്‍. ഇവിടെ നിന്നാണ് 111 പന്തുകള്‍ നേരിട്ട സര്‍യബ് ക്ഷമയോടെ 74 റണ്‍സെടുക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തത്. അഞ്ച് ബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടുന്നതാണ് സര്‍യബിന്റെ അര്‍ധ സെഞ്ച്വറി. 16ാത്തെ ഓവറില്‍ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടരെത്തുടരെ വിക്കറ്റ് കളഞ്ഞുകുളിച്ച അവര്‍ ഒരു ഘട്ടത്തില്‍ തോല്‍വിയെ മുഖാമുഖം കണ്ടു.
ഇവിടെ നിന്നാണ് നാലാം വിക്കറ്റില്‍ ഇറങ്ങിയ സര്‍യബ് ടീമിനെ സെമിഫൈനലോളം ഉയര്‍ത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഹസന്‍ ഖാന്റെ തീരുമാനം ശരിയെന്ന് ഉറപ്പിക്കുന്നതായിരുന്നു പാക് ജയം.
നാളെ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളെയാകും പാക്കിസ്ഥാന്‍ സെമിഫൈനലില്‍ നേരിടുക. ഈ മാസം 30ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തന്നെയാണ് പാക്കിസ്ഥാന്റെ സെമിഫൈനല്‍ മത്സരം നടക്കുക.

 

 

 

---- facebook comment plugin here -----

Latest