Connect with us

National

കര്‍ണാടകയില്‍ വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പടവും

Published

|

Last Updated

ബെംഗളൂരു : കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പടങ്ങളും. സംസ്ഥാനത്ത് ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ നീക്കം.
വോട്ടര്‍മാര്‍ക്ക് അപരന്മാരെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. സ്ഥാനാര്‍ഥിയുടെ പേര്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ, പാര്‍ട്ടി ചിഹ്നം എന്നിവ യന്ത്രത്തിലുണ്ടാകും. 2.5 സെന്റീമീറ്റര്‍ വലിപ്പമുള്ള ചിത്രമായിരിക്കും ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്തിടെ നടന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്ത് നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം തന്നെയായിരിക്കും ഉപയോഗിക്കുക. അങ്ങനെയാണെങ്കില്‍ ഇതില്‍ സ്ഥാനാര്‍ഥികളുടെ പടവും ഉള്‍പ്പെടുത്തും. ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി കൃത്രിമം നടത്തിതായി ആക്ഷേപമുയര്‍ന്നിരുന്നു. ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൃത്രിമം നടത്തിയതെന്നായിരുന്നു ആക്ഷേപം. ഈ വര്‍ഷം ആദ്യം നടന്ന യു പി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രംഗത്ത് വന്നത്.
സ്വതന്ത്രമായ സംവിധാനമാണെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനറെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന് കീഴിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്. തിരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്തുന്നതിനാണ് ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ച് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.