ആരാണ് വളരുന്നത്?

Posted on: January 25, 2018 6:00 am | Last updated: January 24, 2018 at 11:58 pm
SHARE

ആഗോള സന്നദ്ധ സംഘടന പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടും ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളാണ് പങ്കുവെച്ചത്. 20 വര്‍ഷത്തിനിടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ആറ് മടങ്ങ് വര്‍ധിച്ചെന്നാണ് മോദി ദാവോസില്‍ പറഞ്ഞത്. 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുമ്പോള്‍ ജി ഡി പി 26 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് അതിന്റെ ആറ് മടങ്ങ് വര്‍ധിച്ചിരിക്കുന്നു. രാജ്യം വലുതും ശക്തവും സുസ്ഥിരവുമായ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞുവെന്നും ഐശ്വര്യവും സഹവര്‍ത്തിത്വവും കാണണമെങ്കില്‍ ഇന്ത്യയിലേക്ക് വരണമെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. ലോകം മതിലുകളാല്‍ വേര്‍തിരിക്കപ്പെടരുതെന്ന രവീന്ദ്ര നാഥ ടാഗോറിന്റെ കവിത പ്രസംഗത്തില്‍ ഉദ്ധരിച്ചാണ് ഇന്ത്യയില്‍ ഉയര്‍ന്ന സഹവര്‍ത്തിത്വം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചത്. തന്റെ സര്‍ക്കാറിന്റെ മേന്‍മകളെക്കുറിച്ചുള്ള അവകാശവാദത്തിനും മോദി വാക്കുകള്‍ ചെലവിട്ടു. മുപ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നത്. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സര്‍ക്കാറിന് സാധിച്ചു. വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന നിരവധി നിയമങ്ങള്‍ പൊളിച്ചെഴുതി. ലൈസന്‍സ് രാജിന് അന്ത്യം കുറിച്ചു. റെഡ് ടാപിസത്തിന് പകരം ഇന്ന് രാജ്യത്തുള്ളത് റെഡ് കാര്‍പറ്റാണെന്നും മോദി അവകാശപ്പെട്ടു.

രാജ്യം വളര്‍ന്നുവെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി നിരത്തുന്ന കണക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. ‘നുണകള്‍ മൂന്ന് തരമാണ്- ഒന്ന് വെറും നുണ, രണ്ട്, പെരും നുണ, മൂന്ന് സ്റ്റാറ്റിസ്റ്റിക്‌സ്’ എന്ന പഴയ ആപ്തവാക്യവും തത്കാലം മാറ്റിവെക്കാം. ജി ഡി പി കണക്കില്‍ രാജ്യം വളര്‍ന്നിട്ടുണ്ട്. ആളോഹരി വരുമാന കണക്കിലും രാജ്യം മുന്നോട്ട് തന്നെയാണ്. വ്യവസായ വികസന സൂചികയിലും കുതിപ്പ് പ്രകടമാണ്. പക്ഷേ, ഈ വളര്‍ച്ചയൊന്നും രാജ്യത്തെ കോടിക്കണക്കായ ദരിദ്രരുടെ ജീവിതത്തില്‍ കാണാത്തതെന്താണ്? ഡിജിറ്റല്‍ ഇന്ത്യ സാധ്യമായിട്ടും കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണ്? മേക് ഇന്‍ ഇന്ത്യ വന്നിട്ടും തൊഴിലില്ലാത്ത യുവാക്കള്‍ തെരുവില്‍ അലയുന്നതിന് എന്താണ് കാരണം? പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ അലയുന്ന യുവാക്കളാണല്ലോ പോളിംഗ് ബൂത്തില്‍ ചെന്ന് ഭരണകക്ഷിക്ക് ഞെട്ടല്‍ ചികിത്സ വിധിച്ചത്. രാജ്യം വളരുമ്പോള്‍ ആര് വളരുന്നു എന്നതാണ് യഥാര്‍ഥ ചോദ്യം.
ലോകത്തിന്റെ ഭാവിയെക്കുറിച്ച് വ്യാജ ഉത്കണ്ഠകള്‍ ഉത്പാദിപ്പിക്കാനും സ്വന്തം ധനാഗമന മാര്‍ഗങ്ങള്‍ സുസ്ഥിരമാക്കാനും വേണ്ടി ദാവോസില്‍ ലോകത്തെ അതിസമ്പന്നന്‍മാര്‍ യോഗം ചേരുന്നതിന്റെ തലേ ദിവസം ഓക്‌സ്ഫാം പുറത്ത് വിട്ട റിപ്പോര്‍ട്ട് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് ഓക്‌സ്ഫാം. ഇന്ത്യയിലെ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളം കൈയാളുന്നുവെന്നാണ് ഓക്‌സ്ഫാം ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017ലെ കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2016ലെ കണക്കനുസരിച്ച് 58 ശതമാനം സമ്പത്തായിരുന്നു അതിധനികരുടെ കൈവശമുണ്ടായിരുന്നത്. അവിടെ നിന്നാണ് 73 ശതമാനത്തിലേക്ക് കുതിച്ചു ചാടിയത്. രാജ്യത്തെ ദരിദ്രരുടെ വരുമാനത്തില്‍ ഒരു ശതമാനം മാത്രം വര്‍ധന രേഖപ്പെടുത്തിയപ്പോഴാണ് ഇതെന്നോര്‍ക്കണം. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ധനികരുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷം 20.9 ലക്ഷം കോടി രൂപയോളമാണ് വര്‍ധന രേഖപ്പെടുത്തിയത്്. സാമ്പത്തിക അസമത്വത്തിന്റെ ഭീകരമായ ദൃശ്യമാണ് ഈ കണക്കുകള്‍ വരച്ചിടുന്നത്.

ഓക്‌സ്ഫാം അടക്കം സാമ്പത്തിക അസമത്വം പഠനവിധേയമാക്കുന്ന മുഴുവന്‍ ഏജന്‍സികളും ഇന്ത്യന്‍ വളര്‍ച്ചയുടെ പൊള്ളത്തരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ശതമാനത്തിന്റെ സമ്പത്ത് കുന്നുകൂടിയാല്‍ മതി, ജി ഡി പി കുതിക്കും. ഏതാനും വന്‍കിട വ്യവസായങ്ങള്‍ കുത്തകകളായി വളര്‍ന്നാല്‍ മതി, വ്യവസായ വികസന സൂചിക ബാണം വിട്ട പോല്‍ പറക്കും. ജി ഡി പിയെ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണല്ലോ ആളോഹരി വരുമാനം. ദാരിദ്ര്യം മാത്രം മൂലധനമായ മനുഷ്യരുടെ വരുമാനത്തില്‍ ചില്ലിക്കാശ് വര്‍ധിച്ചില്ലെങ്കിലും ആളോഹരി വരുമാനം ഉയരും.ഹരണക്കണക്കിന്റെ മുകള്‍ത്തട്ട് ഉയര്‍ത്താന്‍ ആ മനുഷ്യരുടെ ആവശ്യമില്ല. അവര്‍ അടിത്തട്ടിലെ വെറും തലയെണ്ണം.

ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. ആഗോള സമ്പത്തിന്റെ 82 ശതമാനവും ഒരു ശതമാനം വരുന്ന അതിധനികരുടെ പക്കലാണെന്ന് ഓക്‌സ്ഫാം ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസത്തില്‍ ഒരാള്‍ എന്ന രീതിയിലാണ് കഴിഞ്ഞ വര്‍ഷം കോടിപതികളുടെ എണ്ണത്തില്‍ ലോകത്തുണ്ടായ വര്‍ധന. പണക്കാര്‍ക്ക് വീണ്ടും വീണ്ടും ധനം കുന്നുകൂട്ടാന്‍ പാകത്തിലാണ് ആഗോള സാമ്പത്തിക ബന്ധങ്ങള്‍ മുഴുവന്‍ രൂപപ്പെടുന്നത്. എല്ലാ അന്താരാഷ്ട്ര കരാറുകളും ഈ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്. ചുവപ്പ് നാടകള്‍ നീക്കിയെന്നും പഴഞ്ചന്‍ നിയമങ്ങള്‍ തീര്‍ത്ത നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതിയെന്നും ഏകീകൃത നികുതി ഘടന കൊണ്ടുവന്നുവെന്നും കറന്‍സി പുതുക്കിയെന്നും വിദേശ നിക്ഷേപത്തിനായി വാതിലുകള്‍ തുറന്നിട്ടുവെന്നും ജനങ്ങള്‍ കനിഞ്ഞ് തന്ന ഭൂരിപക്ഷം ഈ ധീരമായ നടപടികള്‍ക്കായി ഉപയോഗിച്ചുവെന്നുമാണല്ലോ പ്രധാനമന്ത്രി വിദേശത്ത് ചെന്ന് മേനി പറയുന്നത്. ഈ പരിഷ്‌കാരങ്ങളുടെയൊക്കെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്ന ചോദ്യത്തിന് അദ്ദേഹം നാട്ടില്‍ വന്ന് മറുപടി പറഞ്ഞേ തീരൂ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാകുന്ന അന്ന് മാത്രമേ വളര്‍ച്ചാ കണക്കുകള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ തിളങ്ങുകയുള്ളൂ. അന്ന് ജി ഡി പിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മനുഷ്യര്‍ ആവേശത്തോടെ വായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here